തിരുവനന്തപുരം : നഗരപരിധിയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനവും അക്രമവും നടത്തുന്ന ഗുണ്ടകളെ അടിച്ചോടിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. ഗുണ്ടകൾക്ക് നാട്ടിൽ ജീവിക്കാൻ പറ്റാത്ത തരത്തിൽ പോലീസ് കർശന നടപടി സ്വീകരിക്കും. ഗുണ്ടകളെ അമർച്ച ചെയ്യാൻ അറസ്റ്റ് ഒരു പരിഹാരമല്ലെന്നും അടിച്ച് ഓടിക്കുകയാണ് വേണ്ടതെന്നും സിറ്റി പോലീസ് കമ്മീഷണർ പത്രസമ്മേളത്തിൽ വ്യക്തമാക്കി. ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ആഗ്(ആക്സിലറേറ്റഡ് ആക്ഷൻ എഗൈൻസ്റ്റ് ആന്റിസോഷ്യൽസ് ആൻ ഡ് ഗുണ്ടാസ്) ശക്തമായി തുടരും. ഇത്തരത്തിൽ പിടിയിലാകുന്നവരുടെ ഫിംഗർ പ്രിന്റ് അടക്കമുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഇന്ത്യയിൽ എവിടെയായാലും വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന തരത്തിലാണ് വിവര ശേഖരണം നടത്തുന്നത്. എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കുറ്റവാളികളെ കുറിച്ചു പരിശോധിക്കാൻ ഈ ഡേറ്റാ ബാങ്ക് സഹായകമാകും. എല്ലാ വകുപ്പുകളെയും കൂട്ടിയിണക്കിയാണ് പുതിയ രീതിയിൽ സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും വിവരങ്ങൾ ശേഖരിക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു.
നഗരത്തിലെ റോഡുകളിൽ ബൈക്ക് റേസിംഗ് നടത്തുന്നവരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കും. ബൈക്കുകളെക്കാൾ വേഗത്തിൽ ഡ്രോണുകൾ പറത്തി അമിതവേഗക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കും. നഗരപരിധിയിൽ സ്ഥാപിച്ചിട്ടുള്ള 141 പോലീസ് നിരീക്ഷണ കാമറകളിൽ 121 എണ്ണം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഓപ്പറേഷൻ നിരീക്ഷണത്തിന്റെ ഭാഗമായി കൂടുതൽ കാമറകൾ സ്ഥാപിക്കും. ഇതിനു പുറമെ റസിഡന്റ്സ് അസോസിയേഷനുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാൻ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ സഹായത്തോടെ പരിശോധന നടത്തും. ഇക്കാര്യത്തിൽ കാമറ സ്ഥാപിച്ചിട്ടുള്ളവർക്ക് ആവശ്യമായ ഉപദേശങ്ങളും സാങ്കേതിക നിർദേശങ്ങളും നൽകും. തിരുവനന്തപുരം പോലെ ഒരു നഗരത്തിൽ ഒരു ലക്ഷം സിസിടിവി കാമറകൾ എങ്കിലും ആവശ്യമാണെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
ഗുണ്ടകളെ അടിച്ചോടിക്കും : സിറ്റി പോലീസ് കമ്മീഷണർ
10:52 PM Feb 05, 2023 | Deepika.com