എരുമേലി: ഒരിടത്തെ പൈപ്പ് പൊട്ടൽ പരിഹരിക്കുമ്പോൾ അടുത്തയിടത്തു പൊട്ടൽ. ഒടുവിൽ പൊട്ടലുകൾ കൂടിയതോടെ പരിഹരിക്കാനാവാതെ ജല അഥോറിറ്റി. എരുമേലി ടൗണിലും സമീപ പ്രദേശങ്ങളിലും ഇനി പൈപ്പ് പൊട്ടാൻ സ്ഥലം ബാക്കിയില്ലെന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. പെരുന്തേനരുവിയിൽനിന്നു കിലോമീറ്ററുകൾ താണ്ടി എരുമേലി മേഖലയിൽ എത്തിക്കുന്ന വെള്ളത്തിന്റെ പകുതിയും പൈപ്പുകൾ പൊട്ടിയൊലിച്ചു പാഴായി പോവുകയാണ്. ജലക്ഷാമം കടുത്ത നിലയിൽ മാറിക്കൊണ്ടിരിക്കുമ്പോഴാണ് വെള്ളം വൻതോതിൽ ഇങ്ങനെ പാഴായി പൊയ്ക്കൊണ്ടിരിക്കുന്നത്.
പൊട്ടലോടു പൊട്ടൽ
എരുമേലി വാഴക്കാല വാർഡിൽ പ്ലാമൂട്ടിൽ അനസിന്റെ വീടിന്റെ മുന്നിൽ റോഡരികിൽ നാലു മാസമായി പൈപ്പ് പൊട്ടൽ മൂലം വെള്ളം പാഴാകുകയാണ്. നേർച്ചപ്പാറ റോഡിൽ പട്ടാണിയിൽ ഫൈസലിന്റെ വീടിനു മുന്നിലും റോഡരികിൽ മൂന്നു മാസമായി ഇതു തന്നെ സ്ഥിതി. എരുമേലി - കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടിക്കു സമീപം സെന്റ് തോമസ് സ്കൂൾ ജംഗ്ഷൻ മുതൽ കൊരട്ടി വരെ റോഡിൽ ആറ് ഇടത്താണ് മാസങ്ങളായി പൈപ്പുകൾ പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നത്. റോഡിൽ കുഴിയെടുത്തു പൈപ്പ് പൊട്ടൽ പരിഹരിച്ച ശേഷം കുഴി അടച്ചു കോൺക്രീറ്റ് ചെയ്തു മണിക്കൂറുകൾക്കകം വീണ്ടും പൈപ്പുകൾ പൊട്ടുകയാണ് ഈ ഭാഗങ്ങളിൽ.
ഒഴുകിയൊഴുകി
ഒരേ സ്ഥലങ്ങളിൽ മൂന്നും നാലും തവണ പൊട്ടൽ പരിഹരിച്ചു കോൺക്രീറ്റ് ചെയ്തിട്ടും ഫലമില്ല. ശ്രീനിപുരം വാർഡിൽ പൈപ്പ് കണക്ഷൻ ലഭിച്ച വീടുകളിൽ കണക്ഷന്റെ ജോയിന്റ് വാൽവുകൾ പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നു. ശ്രീനിപുരത്തു മിക്ക വീടുകളിലും ഈ കാഴ്ച കാണാം. എരുമേലി-മുക്കൂട്ടുതറ റോഡിൽ മണിപ്പുഴ ക്രിസ്തുരാജ സ്കൂൾ ഭാഗത്തു വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹി സി.പി. മാത്തന്റെ വീടിനു മുന്നിൽ റോഡരികിൽ പൈപ്പ് പൊട്ടൽ സംഭവിച്ചിട്ട് ആറു മാസം പിന്നിടുകയാണ്. ദിവസവും ഈ ഭാഗത്തും വൻതോതിൽ റോഡിലൂടെ വെള്ളം ഒഴുകുകയാണ്.
കാരണം ദുരൂഹം
എരുമേലി പഞ്ചായത്തിലുടനീളം പൈപ്പ് പൊട്ടൽ വ്യാപകമായി മാറിയിരിക്കുന്നു. വെള്ളം ശുദ്ധീകരിക്കുന്ന എംഇഎസ് കോളജ് ഭാഗത്തെ പ്ലാന്റിനു സമീപത്തു റോഡിന്റെ നടുവിൽ വരെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു. കോടികൾ ചെലവിട്ട സമഗ്ര ജലവിതരണ പദ്ധതിയാണ് എരുമേലിയിലേത്.
പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. ചേനപ്പാടി മേഖലയിൽ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ എല്ലാം പുതിയതാണ്. പുതിയതായിട്ടും എന്തുകൊണ്ടാണ് പൈപ്പ് പൊട്ടുന്നതെന്നു വ്യക്തമാക്കാൻ അധികൃതർക്കു കഴിയുന്നില്ല. പൈപ്പുകളുടെ കാലപ്പഴക്കമല്ല കാരണമെന്നു വ്യക്തം.
പൈപ്പിൽ പൊട്ടൽമാല; ഒട്ടിച്ചുമടുത്ത് അധികൃതർ
10:03 PM Feb 05, 2023 | Deepika.com