കോട്ടയം: റെയിൽവേ പോലീസ് സ്റ്റേഷന്റെയും റെയിൽ മൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാവാരം സംഘടിപ്പിക്കും. ഇന്നു രാവിലെ 10നു കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആർ. സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും.
ശുഭയാത്ര, സുരക്ഷിതയാത്ര എന്ന ആപ്തവാക്യവുമായി റെയിൽ യാത്രികർക്ക് യാത്രാസംബന്ധമായ അവബോധം സൃഷ്ടിക്കുകയാണു ലക്ഷ്യം. മുൻകരുതലുകളും നിർദേശങ്ങളും അറിവുകളും പങ്കുവയ്ക്കുന്ന ബുക്ക്ലെറ്റുകളും ് ട്രെയിനുകളിൽ വിതരണം ചെയ്യും.
20 വരെ നീളുന്ന സുരക്ഷാബോധവത്കരണം കേരളത്തിലെ മിക്ക സ്റ്റേഷനുകളിലും ഇന്ന് ആരംഭിക്കുകയാണ്. റെയിൽവേ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി. ജോസഫ്, റെയിൽമൈത്രി ബീറ്റ് ഓഫീസർ കെ. ഉദയൻ എന്നിവർ നേതൃത്വം നൽകും.
ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ യാത്രക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാന്പും നേത്രപരിശോധനയും സ്റ്റേഷനിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ട്രെയിനുകളിൽ
ബോധവത്കരണ ക്ലാസ്
തുടർദിവസങ്ങളിൽ ട്രെയിനുകളിൽ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും നൽകും. യാത്രയിൽ നേരിടുന്ന പ്രശ്നങ്ങളിൽ പകച്ചുനിൽക്കാതെ അവസരോചിത ഇടപെടലിലൂടെ അതിജീവിക്കുന്നതിനും നിയമപാലകരുടെ സേവനം തേടുന്നതിനും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അശ്രദ്ധകൊണ്ട് നിരവധി അപകടങ്ങൾ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറുന്നതും ഇറങ്ങുന്നതും വാതിൽപ്പടിയിൽനിന്നും ഇരുന്നു യാത്ര ചെയ്യുന്നതും നിരവധി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്.
യുവാക്കളിലും വിദ്യാർഥികളിലും അവബോധം നൽകുന്നതിലൂടെ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നും യാത്രക്കാരുടെ പങ്കാളിത്തവും പരിപൂർണ സഹകരണവും ഉണ്ടാകണമെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയിൽസ് സെക്രട്ടറി ജെ. ലിയോണ്‍സ് അറിയിച്ചു.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാവാരം ഇന്നാരംഭിക്കും
10:02 PM Feb 05, 2023 | Deepika.com