ഉഴവൂര്‍: പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്ക് ആശ്വാസവുമായി ആയുര്‍വേദ, ഹോമിയോ വകുപ്പുകളും. സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന "അരികെ' എന്ന പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലും ഈ അവസരം ഒരുക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ പാലിയേറ്റീവ് കെയര്‍ ആരംഭിച്ചു.
പദ്ധതിയുടെ തുടക്കത്തിൽ മാസത്തില്‍ ഒരു തവണ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് ആവശ്യമായ മരുന്നും പരിചരണവും ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ നല്‍കുന്നതിനാണു തീരുമാനം. പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനവും മറ്റു സൗകര്യങ്ങളും നിലവിലെ പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റില്‍നിന്നു ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ അറിയിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സജേഷ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സ്മിത മോഹന്‍, ഡോ. അനുഷ ആര്. നായര്‍ എന്നിവരാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.
നടപ്പു സാമ്പത്തികവര്‍ഷം മരുന്നു വാങ്ങുന്നതിന് പഞ്ചായത്ത് ആയൂര്‍വേദ ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപയും ഹോമിയോ ആശുപത്രിക്ക് 3.2 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 5.95 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.
ഉഴവൂരില്‍ കിടപ്പുരോഗികളെ തേടി ഇനി ഹോമിയോ, ആയുര്‍വേദ വിഭാഗവും
09:37 PM Feb 05, 2023 | Deepika.com