നെടുങ്കണ്ടം: ഇടുക്കിയുടെ അതിര്‍ത്തിമേഖലയായ തേവാരംമെട്ടില്നിന്നു തമിഴ്നാട്ടിലേക്കുള്ള പാത സഞ്ചാരയോഗ്യമാക്കാനുള്ള തമിഴ്നാട്ടിലെ ജനങ്ങളുടെ ശ്രമം തമിഴ്നാട് വനംവകുപ്പ് തടഞ്ഞു. പാത ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നതിനിടെയാണു തമിഴ്നാട് വനംവകുപ്പ് റോഡ് നന്നാക്കാനുള്ള നാട്ടുകാരുടെ ശ്രമം തടഞ്ഞത്.
നെടുങ്കണ്ടത്തുനിന്നു കുറഞ്ഞ ദൂരത്തില്‍ തമിഴ്നാട്ടിലേക്കു എത്താവുന്ന പാതയാണിത്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയെയും മധുരയെയും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കാന്‍ റോഡ് യാഥാര്‍ഥ്യമായാല്‍ സാധിക്കും.
ഇടുക്കിയുടെ കുടിയേറ്റ കാലത്ത് ഏറെ സജീവമായിരുന്നു തേവാരംമെട്ട്-തേവാരം സമാന്തര പാത. ഹൈറേഞ്ചില്‍നിന്നുള്ള മര ഉരുപ്പടികളും സുഗന്ധ വ്യഞ്ജനങ്ങളും ധാരാളമായി ഇതുവഴി കൊണ്ടുപോയിരുന്നു. വാഹന ഗതാഗതവും ഉണ്ടായിരുന്നു. തേവാരംമെട്ടില്‍ ചെക്പോസ്റ്റും വിവിധ വ്യാപാര സ്ഥാപനങ്ങളും ആ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
കമ്പംമെട്ട് റോഡ് ഗതാഗതയോഗ്യമായതോടെ തേവാരംമെട്ട് മണ്‍പാതയിലൂടെയുള്ള വാഹനഗതാഗതം കുറയുകയും തമിഴ്നാട് വനംവകുപ്പ് ഇതുവഴിയുള്ള യാത്ര നിരോധിക്കുകയുമായിരുന്നു. ഇതുവഴി പുതിയ റോഡ് നിര്‍മിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും തമിഴ്നാട് വനംവകുപ്പിന്റെ ഇടപെടല്‍ മൂലം ഇതു സാധ്യാമാകാതെ വരികയായിരുന്നു.
ഇതിനിടെയാണു കഴിഞ്ഞ ദിവസം പാത പുനര്‍നിര്‍മിക്കാന്‍ തമിഴ്നാട് സ്വദേശികള്‍ മുന്നിട്ടിറങ്ങിയത്. പാതയോരത്തെ അയ്യപ്പപ്രതിഷ്ഠയുള്ള ക്ഷേത്രത്തിലെ പൂജകള്‍ പുനരാരംഭിക്കാനും അടിവാരത്തു താമസിക്കുന്ന ജനങ്ങള്‍ ശ്രമം നടത്തിയെങ്കിലും ഇതും വനംവകുപ്പ് തടഞ്ഞു. ശബരിമല തീര്‍ഥാടകര്‍ക്കു കൂടുതല്‍ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2018ല്‍ പാതയുടെ പുനര്‍നിര്‍മാണത്തിനു ആലോചനകള്‍ നടന്നിരുന്നു. പ്രാഥമിക പഠനത്തിനായി തമിഴ്നാട് സര്‍ക്കാര്‍ 25 കോടി രൂപയും അനുവദിച്ചു. എന്നാല്‍, വനംവകുപ്പ് അനുമതി നല്‍കിയില്ല.
മൂന്നര കിലോമീറ്റര്‍ ദൂരമാണ് തേവാരംമെട്ടില്നിന്നു അടിവാരത്തേക്കുള്ളത്. റോഡ് യാഥാര്‍ഥ്യമായാല്‍ നെടുങ്കണ്ടത്തുനിന്നു തേനിയിലേക്കുള്ള ദൂരം 30 കിലോമീറ്ററായി കുറയും. ബോഡി റെയില്‍വേ സ്റ്റേഷനിലും ഹൈറേഞ്ച് നിവാസികള്‍ക്ക് വേഗത്തില്‍ എത്താനാവും. ശബരിമല തീര്‍ഥാടകര്‍ക്കും തമിഴ്നാട്ടില്‍നിന്നുള്ള തോട്ടം തൊഴിലാളികള്‍ക്കും പച്ചക്കറി ചരക്കുനീക്കത്തിനം പാത ഏറെ ഗുണകരമാകും.
പാത നന്നാക്കാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തടഞ്ഞു
09:22 PM Feb 05, 2023 | Deepika.com