കണ്ണൂര്‍: ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിനെതിരേ സമരം ചെയ്ത എൽഡിഎഫ് സർക്കാർ തന്നെ ഇന്ധന സൈസ് ഈടാക്കുമെന്ന് ആ മുന്നണിയിൽ ഉള്ളവർക്കുതന്നെ വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ധന സെസിനെതിരേ എല്ലാക്കാലത്തും സമരം ചെയ്ത എൽഡിഎഫ് പ്രവർത്തകർ ഇപ്പോൾ വാതുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനെതിരേ മുസ്ലിം ലീഗ് കണ്ണൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കണ്ണൂര്‍സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം രൂപീകരിച്ചശേഷമുള്ള ഏറ്റവും മോശം ബജറ്റാണു സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇത്രയും വലിയ കൊള്ള ആരും പ്രതീക്ഷിച്ചില്ല. ഇന്ധന സെസ് പ്രാബല്യത്തില്‍ വന്നാല്‍ വിലകൂടാത്ത ഒരു സാധനവും ഉണ്ടാകില്ല.
ഇന്ധന സെസ് പിന്‍വലിക്കുന്നതുവരെ നിയമസഭയില്‍ യുഡിഎഫ് സമരം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൽതാഫ് മാങ്ങാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, ഡപ്യൂട്ടി മേയര്‍ കെ. ഷബീന, ടി.എ. തങ്ങള്‍, സി. സമീര്‍, അഷ്റഫ് ബംഹാളി മൊഹല്ല, കെ. സൈനുദീന്‍, സി. സീനത്ത്, മുസ്ലിഹ് മഠത്തില്‍, റഫീഖ് കളത്തില്‍, ബി.പി ആഷിഖ് എന്നിവർ പങ്കെടുത്തു.
ഇന്ധന സെസ് സ്വന്തം മുന്നണിക്കാർക്കുപോലും വിശ്വസിക്കാൻ പ്രയാസം: പി.കെ. കുഞ്ഞാലിക്കുട്ടി
12:41 AM Feb 05, 2023 | Deepika.com