കാക്കനാട് : ആരോഗ്യ സേവനങ്ങൾ എല്ലാവർക്കുമെത്തിക്കുന്നതിലുള്ള വിടവുകൾ നികത്തുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന വിഭാഗമാണ് ആശ പ്രവർത്തകരെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. കളമശേരി രാജഗിരി കോളജ് കാമ്പസിൽ സംഘടിപ്പിച്ച ആശ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ആശ പ്രവർത്തകർ പങ്കെടുത്ത വിവിധ മത്സരങ്ങൾ ഫെസ്റ്റിൽ നടന്നു. കാൻസർ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് തയാറാക്കിയ പോസ്റ്റർ പ്രകാശനം കളക്ടർ നിർവഹിച്ചു.
പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. ആശുപത്രി ജീവനക്കാർക്ക് ചെറിയ യാത്രകൾക്കായി സൈക്കിളുകൾ നൽകുന്ന ബീദ ചേഞ്ച് എന്ന കാന്പെയ്ന്റെ ഭാഗമായി അഞ്ച് സൈക്കിളുകളുടെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തി. ആശ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. നടൻ സിജോയ് വർഗീസ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. രാജഗിരി കോളജ് വൈസ് പ്രിൻസിപ്പാൾ ഫാ. എം.ഡി. സാജു, ഡോ. അജയ് മോഹൻ, ഡോ. എം.ജി. ശിവദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. സവിത, സി.എം. ശ്രീജ, ഡോ. സി. രോഹിണി തുടങ്ങിയവർ പങ്കെടുത്തു.
"ആരോഗ്യസേവനങ്ങളിലെ വിടവ് നികത്തുന്നതിൽ ആശാ പ്രവർത്തകർക്ക് സുപ്രധാന പങ്ക്'
12:35 AM Feb 05, 2023 | Deepika.com