കൊച്ചി: കൊച്ചി നഗരത്തിൽ അർധരാത്രി കൊലപാതകങ്ങളും ലഹരി ഇടപാടുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം നിർദേശിച്ചു.
കണയന്നൂർ താലൂക്ക് പരിധിയിൽ പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന വിവിധ വിഷയങ്ങൾ തഹസിൽദാർ രഞ്ജിത്ത് ജോർജിന്റെ സാന്നിധ്യത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധി കുന്പളം രവി അധ്യക്ഷത വഹിച്ച താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തു. തൃപ്പൂണിത്തുറ ഭാഗത്ത് ഓട്ടോറിക്ഷകൾ അമിതകൂലി ഈടാക്കുന്നതായി പരാതി ഉയർന്നു. കണ്ടെയ്നർ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ആർ.ആർ വിഭാഗത്തിന്റെ ജീപ്പ് മാറ്റി നൽകൽ, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം മുതൽ കിഴക്കേകോട്ട വരെ വാഹനങ്ങളിൽ കച്ചവടം നടത്തുന്നത് റോഡിൽ ഗതാഗതം തടസം സൃഷ്ടിക്കുന്നത് എന്നിവയും യോഗത്തിൽ ചർച്ചയായി. മുളവുകാട് തോട് കൈയേറിയതിൽ നടപടി എടുക്കണം, വല്ലാർപാടത്തെ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുക, തെരുവുനായ്ക്കളെ കൂട് കെട്ടി സംരക്ഷിക്കാൻ എല്ലാ പഞ്ചായത്തുകൾക്കും നിർദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളും ചർച്ച ചെയ്തു.
നഗരപ്രദേശങ്ങളിലെ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണം: താലൂക്ക് വികസന സമിതി
12:35 AM Feb 05, 2023 | Deepika.com