കൊച്ചി: എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിനു സമീപം ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം നാലുപേരെ കേന്ദ്രീകരിച്ച്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ഇവരില്‍ രണ്ടുപേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം.
പാലക്കാട് കൊല്ലങ്കോട് ആനമാറിയില്‍ പരേതനായ പൊന്നുച്ചാമിയുടെ മകന് സന്തോഷ്(41)ആണ് മൂന്നിന് പുലര്‍ച്ചെ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിനു മുന്നില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സന്തോഷിന്റെ മുതുകില്‍ ആഴത്തുലുള്ള മൂന്ന് കുത്താണ് ഏറ്റിട്ടുള്ളത്. കത്തിക്കു സമാനമായ ആയുധം ഉപയോഗിച്ച് കുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ഹോട്ടലില്‍ പത്തുവര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു സന്തോഷ്. സംഭവദിവസം എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം കാണാനാണെന്ന് പറഞ്ഞാണ് ഇയാള്‍ താമസസ്ഥലത്ത് നിന്നും ഇറങ്ങിയത്.
അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയോട് ചേര്‍ന്നുള്ള ഭാഗത്തുവച്ചാണ് ഇയാള്‍ക്ക് കുത്തേറ്റത്. ഇവിടെ നിന്ന് പുറത്തേക്ക് ഓടി വരുന്നതിനിടെ പ്രധാന ഗേറ്റിന് പുറത്തായി വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഹോട്ടല്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവം: അന്വേഷണം നാലുപേരെ കേന്ദ്രീകരിച്ച്
12:31 AM Feb 05, 2023 | Deepika.com