കാക്കനാട് : കാക്കനാട് വരെ മെട്രോ റെയിൽ നീട്ടുന്നതിനായി സ്ഥലം ഏറ്റെടുത്ത ഉടമകൾക്ക് നൽകാനായി 49 കോടി രൂപ കൂടി കെഎംആർഎൽ അനുവദിച്ചു. കഴിഞ്ഞമാസം 20 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പിന് കെഎംആർഎല്ലിന് സംസ്ഥാന സർക്കാർ നൂറുകോടി രൂപ നൽകിയതിൽ നിന്നാണ് 49 കോടി രൂപ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.
വാഴക്കാല വില്ലേജിലെ സ്ഥലം ഏറ്റെടുത്ത ഉടമകൾക്ക് അടുത്തയാഴ്ച മുതൽ തുക വിതരണം ആരംഭിക്കും. വ്യാപാരികൾ ഉൾപ്പെടെ 102 സ്ഥല ഉടമകൾക്ക് വില ലഭിക്കും. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായി വരികയാണ്. നെഹ്റു സ്റ്റേഡിയം മുതൽ പാലാരിവട്ടം ജംഗ്ഷൻ വരെയുള്ള സ്ഥലമെടുപ്പ് നടപടികളും പുരോഗമിക്കുന്നു. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെ സിവിൽ ലൈൻ റോഡിലും സീപോർട്ട് റോഡിലുമാണ് മെട്രോ റെയിലിനായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. റോഡ് വശങ്ങളിലെ ഭൂരിഭാഗവും വ്യാപാരികളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. പൂർണമായും ഭാഗികമായും കടകൾ പൊളിച്ചു മാറ്റിയ വരും സ്ഥലം വിട്ടുകൊടുത്തവരും ഒരു വർഷം മുമ്പ് ആധാരം ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു.
മെട്രോ റെയിൽ: സ്ഥലമുടമകൾക്ക് നല്കാൻ 49 കോടി കൂടി അനുവദിച്ചു
12:31 AM Feb 05, 2023 | Deepika.com