ഒറ്റപ്പാലം: നാടു നീങ്ങിയ ചന്തകൾ തിരിച്ചുപിടിച്ച് വിപണി സാധ്യതകൾ വർധിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ആവശ്യം. ഈ പദ്ധതിക്കനുകൂലമായ നിലപാടുമായി ചളവറ ഗ്രാമ പഞ്ചായത്ത് നേരത്തെ രംഗത്ത് വന്നിരുന്നു.എന്നാൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ല.
വ്യാപകമായി ഉയർന്ന മേൽപ്പറഞ്ഞ ആവശ്യം മുൻനിർത്തിയാണ് കാർഷിക സംസ്കൃതിയുടെയും പൊതുന്പോളത്തിന്റെയും നേർരൂപമായിരുന്ന ചന്തകൾ ചളവറയിൽ പുനർജ്ജനിക്കുന്നതിന്ന് ആസൂത്രണങ്ങൾ നടപ്പാക്കിയത്.
അധികൃതരുടെ ഉദാസീനത തന്നെയാണ് പദ്ധതി വിജയിപ്പിക്കാൻ കഴിയാതെ പോകാൻ കാരണം. ഉത്പാദകർക്ക് ഉൽപ്പന്നത്തിന് ഇടതട്ടുകാരുടെ ചൂഷണമില്ലാതെ മികച്ച വിലയും, ഉപയോക്താവിന് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യം പദ്ധതി വഴി രൂപപ്പെടുമെന്നാണ് കർഷകർ അടക്കമുള്ളവർ പറയുന്നത്.
ചളവറ ഗ്രാമ പഞ്ചായത്തിൽ ലോക് ഡൗണ് കാലത്ത് കൃഷിഭവനും ചളവറ ഗ്രാമ പഞ്ചായത്തും ചേർന്ന് പച്ചക്കറി ചന്ത തുടങ്ങിയിരുന്നു. ഇതിനെ സ്ഥിരം സംവിധാനം ആക്കാനായിരുന്നു നടപടികൾ. പദ്ധതി ഇപ്പോഴും ഇവർ ഉപേക്ഷിച്ചിട്ടില്ല. അധികൃതമായി ഈ പദ്ധതിക്ക് അനുകൂലമാകുന്ന രീതിയിൽ നടപടികൾ സ്വീകരിക്കണമെന്നാണ് ഉയർന്നുവന്നിട്ടുള്ള ജനകീയ ആവശ്യം.
സ്ഥിരം സംവിധാനമില്ലാത്തതിനെ തുടർന്ന് ലോക്ക് ഡൗണിൽ ഇളവ് വന്നപ്പോൾ ഇവിടേയും ചന്ത നിലച്ചു പോയിരുന്നു. ഇടനിലക്കാരില്ലാതെ കർഷകന് വിപണിയും, കുറഞ്ഞ വിലക്ക് ഉപഭോക്താവിന് ഗുണനിലവാരമുള്ള പച്ചക്കറിയും ലഭ്യമാകുന്ന സാഹചര്യം ചന്ത നിലനിന്നിരുന്ന സമയത്ത് ലഭിച്ചിരുന്നു.
പഞ്ചായത്തിൽ കൃഷിഭവനു മുന്നിലാണ് വിപണന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കൊയ്ത്തു കഴിഞ്ഞ് പാടശേഖരങ്ങളിൽ എല്ലാം കൃഷിഭവന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തയ്യാറെടുക്കുന്ന സാഹചര്യമാണ് കർഷകർ നടത്തിവരുന്നത്.
സ്ഥലം കണ്ടെത്തി സ്ഥിരം പച്ചക്കറി ചന്ത തുടങ്ങണമെന്ന കർഷകരുടെ ആവശ്യത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. പച്ചക്കറി ചന്തയ്ക്ക് പുറമേ മറ്റ് സാധനസാമഗ്രികളുടെ വിൽപനയും, വിപണനവും ഭാവിയിൽ ആസൂത്രണം ചെയ്യാനും സാധിക്കുന്നതാണ്.
കുടുംബശ്രീയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം ഉപയോഗപ്പെടുത്തി ചന്തക്ക് സ്ഥിരം സംവിധാനം അനുവർത്തിക്കുന്ന തിനെക്കുറിച്ച് ഗ്രാമപഞ്ചായത്ത് ഗൗരവമായി ആലോചിക്കുന്നു ഉണ്ടെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ ഇതിൽ പച്ചക്കറി ചന്ത മാത്രം ആരംഭിക്കാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനമെന്നാണ് സൂചന. കർഷകരിൽനിന്ന് പച്ചക്കറികൾ പഞ്ചായത്ത് നേരിട്ടെടുത്ത് വിൽപ്പനയ്ക്കുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനം എന്നറിയുന്നു.
ചളവറക്കാര്ക്കു വേണമൊരു ചന്ത!
12:25 AM Feb 05, 2023 | Deepika.com