അയർക്കുന്നം: അയർക്കുന്നം പഞ്ചായത്തിലെ വിവിധ പദ്ധതികൾക്ക് ജില്ലാ പഞ്ചായത്തിന്റെ 1.20 കോടി രൂപയുടെ അനുമതി. ജില്ലാ പഞ്ചായത്ത് അയർക്കുന്നം ഡിവിഷൻ അംഗം റെജി എം. ഫീലിപ്പോസിന്റെ ശ്രമഫലമാണു തുക അനുവദിച്ചത്. ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് 35 ലക്ഷം രൂപ നീക്കിവച്ചു. ചോറാറ്റിൽപടി-വാട്ടർ വർക്സ് റോഡ്, ചിറക്കരോട്ട് പടി-പാറപ്പുറം റോഡ്, നല്ലമ്മക്കുഴി-വെട്ടുകാട് റോഡ്, ചപ്പാത്ത്-നീറിക്കാട് റോഡ്, വന്നല്ലൂർക്കര-തറതട്ടേൽ റോഡുകൾക്ക് ഏഴ് ലക്ഷം രൂപ വീതം അനുവദിച്ചു.
വലിയമറ്റം എസ്സി കോളനി സമഗ്രവികസനത്തിന് 25 ലക്ഷം, പള്ളിക്കുന്ന്-വള്ളികാട് കുടിവെള്ള പദ്ധതി ടാങ്ക് നിർമാണത്തിന് 20 ലക്ഷം, വരകുകുളം റെയിൽവേ കോളനി അടിസ്ഥാന സൗകര്യവികസനത്തിന് 20 ലക്ഷം, കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ടോയ്ലറ്റ് ബ്ലോക്ക് നിർമാണത്തിന് 10 ലക്ഷം, വെട്ടുകാട്-മുടപ്പാല-മുന്നോടിക്കുന്ന് റോഡിൽ സ്ട്രീറ്റ് ലൈൻ വലിക്കുന്നതിന് 2.5 ലക്ഷം, ചിറപ്പാലം തോടിന് വശംകെട്ടുന്നതിന് രണ്ടു ലക്ഷം, പഞ്ചായത്തിലെ നാലുസ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾക്ക് 5.50 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഒറവയ്ക്കൽ, അമയന്നൂർ, കരുനാട്ട് കവല, ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം എന്നിവിടങ്ങളിലാണു മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അടുത്തമാസം 15ന് മുന്പ് എല്ലാ പദ്ധതികളും പൂർത്തീകരിക്കുമെന്നും റെജി എം. ഫീലിപ്പോസ് പറഞ്ഞു. അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, വൈസ് പ്രസിഡന്റ് ലാൽസി പി. മാത്യു, അംഗങ്ങളായ ജിജി നാഗമറ്റം, കെ.സി. ഐപ്പ്, ഷീന മാത്യു, മറ്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നതായും റെജി എം. ഫീലിപ്പോസ് അറിയിച്ചു.
അയർക്കുന്നത്ത് വിവിധ പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് 1.20 കോടി അനുവദിച്ചു
11:26 PM Feb 04, 2023 | Deepika.com