ഹരിപ്പാട്: മണ്ഡലത്തിലെ കരുവാറ്റ കുറിച്ചിക്കല്‍ തോടിന് കുറുകെ നിര്‍മിക്കുന്ന കരുവാറ്റ മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണത്തിന് 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 12 കോടി രൂപ വകയിരുത്തിയതായി രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പാലത്തിന്റെ നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയത്. നബാര്‍ഡ് ആര്‍ഐഡിഎഫ് ട്രാഞ്ചെ 20 ല്‍ പെടുത്തിയാണ് ഇതിനുള്ള തുക അനുവദിച്ചത്.
എന്നാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഈ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2017 ലാണ്. 28 കോടി രൂപയായിരുന്നു പദ്ധതിയുടെ അടങ്കല്‍ തുക. 2014 ലെ ഡിഎസ്ആര്‍ പ്രകാരമാണ് ഇതിന്റെ എസ്റ്റിമേറ്റ് നിര്‍ണയിച്ചിരുന്നത്. കുറിച്ചിക്കല്‍ പാലത്തിന്റെ നിര്‍മാണം 65 ശതമാനം വര്‍ക്കും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പാലത്തിന്റെ ആകെയുളള 9 സ്പാനുകളില്‍ 7എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇനി പ്രധാനപ്പെട്ട 2 സ്പാനുകളുടെ നിര്‍മാണവും, അപ്രോച്ച് റോഡിന്റെ നിര്‍മാണവുമാണ് നടത്താനുള്ളത്. പ്രസ്തുത പാലത്തിന്റെ നിര്‍മാണ ചുമതല വഹിച്ചിരുന്ന കരാര്‍ കമ്പനിയുടെ വീഴ്ച്ചകളെത്തുടര്ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ റദ്ദാക്കി ബാലന്‍സ് വര്‍ക്ക് റീടെണ്ടര്‍ ചെയ്യുകയുണ്ടായി. 4 തവണയാണ് ബാലന്‍സ് വര്‍ക്കിന്റെ റീടെണ്ടര്‍ ക്ഷണിച്ചത്. എന്നാല്‍ കരാറുകാരില്‍നിന്നും ഒരു പ്രതികരണം ലഭിച്ചിരുന്നില്ല.
എന്നാല്‍ അവസാനമായി കരാറെടുത്ത കമ്പനി 89% ഉയര്‍ന്ന നിരക്കാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ധനകാര്യവകുപ്പ് നിരസിച്ചതിനെ തുടര്‍ന്ന് വര്‍ക്കിന്റെ നിര്‍വഹണം വീണ്ടും അനിശ്ചിതത്വത്തിലായി. കൂടാതെ നബാര്‍ഡ് ആര്‍ഐഡിഎഫ് ട്രാഞ്ചെ 20 പ്രകാരം അനുവദിക്കപ്പെട്ടിരുന്ന വര്‍ക്കുകളുടെ നിര്‍വഹണ കാലാവധി മാര്‍ച്ച് 2022 ല്‍ അവസാനിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയും, നിര്വ്വഹണനടപടികള് അനിശ്ചിതത്വത്തിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി പാലത്തിന്റെ നിര്‍മ്മാണം മുടങ്ങികിടക്കുകയാണ്.
ഇപ്പോള്‍ ബാലന്‍സ് വര്‍ക്കിന്റെ എസ്റ്റിമേറ്റ് 2018 ഡിഎസ്ആര്‍ റേറ്റ് പ്രകാരം പരിഷ്കരിക്കുകയും (18% ജിഎസ്ടി തുക ഉള്‍പ്പെടെ) അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനുള്ള തുക കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു. 12 കോടി രൂപയാണ് മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണത്തിന് ഇനി ആവശ്യമുള്ളത്.
ഈതുകയാണ് 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ളത്. ഇതോടെ ഈ പാലത്തിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പട്ട അനിശ്ചിതത്വം ഒഴിവായതായും, ഇതിന്റെ നിര്‍മാണം സമയബന്ധിതമായി ഇനി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
കരുവാറ്റ മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണത്തിന് ബജറ്റില്‍ തുക അനുവദിച്ചു
11:21 PM Feb 04, 2023 | Deepika.com