കടുത്തുരുത്തി: കടുത്തുരുത്തിക്ക് സമീപം ആപ്പാഞ്ചിറയില്‍ 17.5 പവന് സ്വര്‍ണം മോഷണംപോയ സംഭവത്തില്‍ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍. മോഷണം നടന്നതായി കണ്ടെത്തിയ വെള്ളിയാഴ്ച്ചതന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന വീടിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.
മോഷണം നടന്ന വീടിനു പിന്നിലായി സാജുവിന്റെതന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ആപ്പാഞ്ചിറ വേലംപറമ്പില്‍ സാജുവിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. കഴിഞ്ഞ ഞായറാഴ്ച്ച സാജു തൈറോയിഡിന്റെ ഓപ്പറേഷനായി ഏറ്റുമാനൂരിലെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഭാര്യ ഷൈനിയും സാജുവിനൊപ്പം ആശുപത്രിയിലായിരുന്നു. സാജുവിന്റെ മകന് അനന്തുവും അമ്മ സരോജിനിയും തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പോയശേഷം പിറ്റേന്ന് രാവിലെയാണ് തിരികെയെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം സാജുവും ഭാര്യയും തിരികെ വീട്ടിലെത്തിയശേഷം അലമാര തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിയുന്നത്. മേശയ്ക്കകത്ത് സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്ന് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനു പിന്നിലെ സിസിടിവി കാമറ തകര്‍ക്കപ്പെട്ട നിലയില്‍ കാണ്ടെത്തിയിരുന്നു.
തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍
10:56 PM Feb 04, 2023 | Deepika.com