ആലപ്പുഴ: കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്ക്കൂളിന്റെ നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദവും സ്കൂളിന്റെ 103-ാം വാർഷികവും നടത്തി .
നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന കർമം ആലപ്പുഴ വിസിറ്റേഷൻ സഭയുടെ സുപ്പീരിയർ ജനറൽ മദർ ലീലാ ജോസും ആശീർവാദകർമം ഫാ. ക്രിസ്റ്റഫർ അർത്ഥശേരിയിലും നടത്തി.
ദൈവദാസൻ സെബാസ്റ്റ്യൻ പ്രസന്റേഷൻ 1920 ലാണ് ഹോളി ഫാമിലി സ്കൂൾ സ്ഥാപിച്ചത്. വിസിറ്റേഷൻ കോൺഗ്രീഗേഷൻ മുൻകൈയെടുത്ത് 70 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്കൂളിനായി ചെയ്തിട്ടുള്ളത്.
സ്കൂളിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു . വിസിറ്റേഷൻ സഭയുടെ സുപ്പീരിയർ ജനൽ മദർ ലീലാ ജോസ് അധ്യക്ഷത വഹിച്ചു. കാട്ടൂർ സെന്റ് മൈക്കിൾസ് ഫൊറോനാ വികാരി ഫാ. അലൻ ലെസ്ലി പനയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി . പ്രിൻസിപ്പൽ കെ.എസ്. സൈറസ് സ്വാഗതവും ഹെഡ്മിസ്ട്രസ് റോസമ്മ പി.ബി. റിപ്പോർട്ട് അവതരിപ്പിച്ചു . മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത വിവിധ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. റോട്ടറി ക്ലബ് ഓഫ് ആലപ്പി നോർത്ത് പ്രസിഡന്റ് മുരളി ആർ. സംസ്ഥാന തലത്തിൽ നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങളെ ആദരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ റോസ് ദലീമ ,ചേർത്തല ഡിഇഒ ശ്രീകലാ സി.എസ്., ആലപ്പുഴ ഡിഇഒ ലിറ്റിൽ തോമസ് , വാർഡ് മെംബർ റിച്ചാർഡ് കെ.എസ്. ,വിദ്യാലയ ജാഗ്രത സമിതി ചെയർമാൻ പി.ബി. പോൾ, അധ്യാപകരായ ലിജി പൈൻ, ക്ലീറ്റസ് പരുത്തിയിൽ, സ്കൂൾ ലീഡർ സനുഷ കെ.വൈ , പ്രോഗ്രാം കൺവീനർ ഇഗ്നേഷ്യസ് കെ.എ. എന്നിവർ പ്രസംഗിച്ചു.
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്ക്കൂളിന്റെ നവീകരിച്ച സ്ക്കൂൾ കെട്ടിടത്തിന്റെ ആശീർവാദവും
10:44 PM Feb 04, 2023 | Deepika.com