തൊടുപുഴ: കോലാഹലമേട്ടിൽ സ്ഥാപിക്കുന്ന സംസ്ഥാനത്ത ഡയറി പാർക്കിനായി ആദ്യ ഘട്ടത്തിൽ രണ്ടു കോടി ബജറ്റിൽ അനുവദിച്ചത് ജില്ലയിലെ ക്ഷീരമേഖലയ്ക്ക് ഉണർവു പകരും. വ്യവസായ, ഐടി പാർക്കുകളുടെ മാതൃകയിലാണു കോലാഹലമേട്ടിൽ ഡയറി പാർക്ക് സ്ഥാപിക്കുന്നത്.
പാൽ ഉത്പാദനത്തിന്റെ കണക്കിൽ ജില്ല മുന്നേറുന്പോഴും കൂടുതൽ പേർ ക്ഷീരമേഖലയിലേക്കു കടന്നുവരാത്ത സാഹചര്യത്തിൽ കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിക്കുന്ന പാർക്കിന്റെ ലക്ഷ്യം യുവതലമുറയെ ക്ഷീരോത്പാദന മേഖലയിലേക്കു ആകർഷിക്കുകയാണ്. ഇതോടെ കൂടുതൽ പേർ മേഖലയിലേക്കു കടന്നുവരികയും പാലുത്പാദനത്തിൽ വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നുമാണു വിലയിരുത്തൽ.
പണം മുടക്കാൻ തയാറുള്ള ക്ഷീരകർഷകർക്ക് പശുക്കളെ കൂട്ടത്തോടെ വളർത്താനുള്ള സ്ഥലവും സൗകര്യവുമാണ് ഡയറി പാർക്കിലൂടെ സർക്കാർ ലഭ്യമാക്കുന്നത്. ഒരു സ്ഥലത്തുതന്നെ നിരവധി പേർക്ക് പശുവളർത്തൽ കേന്ദ്രങ്ങൾ തുടങ്ങാൻ സംവിധാനമൊരുക്കുന്ന പാർക്കിൽ പശുപരിപാലനം, ചികിത്സ, പാൽ വിപണനം എന്നിവയ്ക്കുള്ള സംവിധാനങ്ങളുമുണ്ടാകും. ഐടി പാർക്കുകളിൽ സംരംഭങ്ങൾ തുടങ്ങുന്നതുപോലെ താത്പര്യമുള്ള ആർക്കും പാർക്കിൽ ഡയറി ഫാം തുടങ്ങാം. വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്വയംസഹായ സംഘങ്ങൾക്കും പശുവളർത്തൽ കേന്ദ്രങ്ങൾ തുടങ്ങാനുള്ള മെച്ചപ്പെട്ട അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതിനു നിശ്ചിത തുക യൂസർ ഫീയായി ബോർഡിനു നൽകണം.
കോലാഹലമേട്ടിലെ ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ അന്പതേക്കർ സ്ഥലത്താണു പാർക്ക് സ്ഥാപിക്കുന്നത്. പശുക്കളെ വളർത്താൻ തയാറുള്ള ആർക്കും സ്ഥലവും സൗകര്യവും ലഭ്യമാക്കും. ഫണ്ട് അനുവദിച്ചു ഒരു വർഷത്തിനകം പാർക്ക് പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റിൽ രണ്ടു കോടി അനുവദിച്ചതോടെ തുടർനടപടികൾക്കു ഇനി വേഗം കൂടും.
പാർക്കിലെ ഡയറി ഫാമുകൾക്കു കെട്ടിടമടക്കം അടിസ്ഥാന സൗകര്യത്തിനു പുറമെ കാലതാമസമില്ലാതെ ലൈസൻസ്, കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ എന്നിവയും ലഭ്യമാക്കും. പാർക്കിൽനിന്നു മിൽമ നേരിട്ടു പാൽ സംഭരിക്കും. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനും സൗകര്യമുണ്ടാകും.
ക്ഷീരകർഷകർക്ക് ഡയറി ഫാം തുടങ്ങുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഡയറി പാർക്കിലേക്കാവശ്യമായ ഉപാധികൾ ഉറപ്പാക്കലും ഫാമിലെ ഉത്പന്നങ്ങളുടെ വിപണനവും ഏകീകൃത സംവിധാനത്തിലൂടെയാകും. ക്ഷീരമേഖലയുടെ ആധുനികവത്കരണത്തിനും നൂതന സാങ്കേതികവിദ്യയുടെ പ്രചാരണത്തിനും പാർക്കിന്റെ പ്രവർത്തനം സഹായകമാകും. ഫാം ലാഭകരവും സുസ്ഥിരവുമായി നടത്തിക്കൊണ്ടു പോകാനുള്ള സൗകര്യങ്ങളാണു പാർക്കിൽ സംരംഭകർക്ക് ലഭിക്കുക.
കർഷകർക്ക്
പരിശീലനസൗകര്യവും
പാർക്കിലെ ആധുനിക സാങ്കേതികവിദ്യകൾ സായത്തമാക്കാൻ കർഷകർക്കു പരിശീലനം നൽകും. ഇതിലൂടെ ക്ഷീരകർഷകർക്ക് അവരുടെ ഫാമുകളിൽ ആധുനിക സംവിധാനങ്ങൾ ക്രമീകരിക്കാനാകും. പാലിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന് കർഷകർക്കു ഡയറി പാർക്ക് മുഖേന പരിശീലനം നൽകാനും പദ്ധതിയുണ്ട്. പാർക്കിൽ അടിസ്ഥാന സൗകര്യം, ആരോഗ്യ പരിപാലനം, കൃത്രിമ ബീജസങ്കലനം എന്നിവയ്ക്കുള്ള സൗകര്യം ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡാണ് ഒരുക്കുക.
ഡയറി പാർക്കിനായി രണ്ടു കോടി: പദ്ധതി നടപടികൾ ഇനി വേഗത്തിൽ
10:21 PM Feb 04, 2023 | Deepika.com