മണ്ണാർക്കാട് : കിഡ്നി രോഗിയ്ക്ക് കൈത്താങ്ങായി കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ. കോട്ടോപ്പാടം പഞ്ചായത്തിൽ ഏഴാം വാർഡിൽ കുണ്ട്ലക്കാട് അന്പാഴക്കോട് പുതിയങ്ങാടി അസീസിന്റെ (42) രണ്ട് കിഡ്നിയും പ്രവർത്തന രഹിതമായി കഴിഞ്ഞ നാലു വർഷത്തോളമായി ചികിത്സയിലാണ്.
കഴിഞ്ഞ അഞ്ചു മാസമായി ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നു. സാന്പത്തികമായി വളരെയധികം പ്രയാസത്തിലായ ഈ കുടുംബത്തിന് ഭീമമായ ഒരു തുക കണ്ടെത്താൻ യാതൊരു വഴിയും ഇല്ലാത്ത അവസ്ഥയിലാണ്. പ്രായമായ ഉമ്മയും, ഭാര്യയും, രണ്ട് കുഞ്ഞുങ്ങളടങ്ങുന്നതാണ് കുടുംബം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓട്ടോ ഓടിച്ചാണ് കഴിഞ്ഞിരുന്നത്. അതിനിടക്കാണ് ഇപ്പോൾ രോഗം മൂർച്ഛിച്ച് കിഡ്നി മാറ്റിവെക്കേണ്ട അവസ്ഥയിലായത്. അസീസിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ സ്വരൂപിച്ച 2, 00,190 രൂപ അസീസ് ധനസഹായ കമ്മിറ്റി ചെയർമാൻ പാറശ്ശേരി ഹസ്സന് കൂട്ടായ്മ കമ്മിറ്റി ഭാരവാഹികൾ ചേർന്ന് കൈമാറി.
സിദ്ധീഖ് പാറക്കോട് അധ്യക്ഷനായി. കൂട്ടായ്മ ജനറൽ സെക്രട്ടറി ഉമ്മർ ഒറ്റകത്ത്, രക്ഷാധികാരികളായ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മെന്പർ അബൂബക്കർ നാലകത്ത്, വിപിൻ പുറ്റാനിക്കാട്, കൂട്ടായ്മ പ്രസിഡന്റ് ആർ. എം. ലത്തീഫ് സംബന്ധിച്ചു.
കിഡ്നി രോഗിക്ക് കൈത്താങ്ങായി കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ
01:16 AM Feb 04, 2023 | Deepika.com