കാഞ്ഞങ്ങാട്: 400 കോടി രൂപ ചെലവില്‍ 2.9 കിലോമീറ്റര്‍ ദൂരം കാഞ്ഞങ്ങാട് ടൗണിലൂടെ ആകാശപാത. 2017ലെ ബജറ്റിലാണ് ഇങ്ങനെയൊരു പദ്ധതി പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് ടൗണ്‍ നേരിടുന്ന ഭീകരമായ ഗതാഗതകുരുക്കിന് ഒരു ശാശ്വതപരിഹാരം എന്ന നിലയിലാണ് ആലാമിപ്പള്ളി മുതല്‍ ഇക്ബാല്‍ ജംഗ്ഷന് വരെ നീളുന്ന ഫ്ളൈ ഓവര്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ 40 കോടി രൂപയും പദ്ധതിക്കായി നീക്കിവച്ചു. പത്തുവര്‍ഷം മുമ്പില്‍ കണ്ടുള്ള പദ്ധതിയാണിതെന്നും കാഞ്ഞങ്ങാട് സൗത്തിലേക്ക് ഈ പദ്ധതി നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നുമാണ് അന്നത്തെ നഗരസഭ ചെയര്മാന് വി.വി.രമേശന് പറഞ്ഞത്.
എന്നാല്‍ നീട്ടുന്നതിനു പദ്ധതി ചുരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 400 കോടിയുടെ പദ്ധതി പിന്നീട് 80.66 കോടിയുടേതായി ചുരുങ്ങി. കാഞ്ഞങ്ങാട് വ്യാപാരഭവന് മുതല്‍ പത്മ പോളിക്ലിനിക്ക് വരെ 1.5 കിലോമീറ്റര്‍ ദൂരമായി പദ്ധതിയുടെ ദൂരം കുറഞ്ഞു. നിലവിലുള്ള ഡിവൈഡറുകള്‍ക്ക് മുകളില്‍ രണ്ടരമീറ്റര്‍ വീതിയില്‍ തൂണുകള്‍ നിര്‍മിച്ച് അതിനുമുകളിലൂടെ പാത നിര്‍മിക്കുമെന്നാണ് അറിയിച്ചത്. മൂന്നു വര്‍ഷ കാലാവധി കഴിഞ്ഞതിനാല്‍ 2021 ഫ്രെബുവരി 12 ന് ഭരണാനുമതി വീണ്ടും പുതുക്കി നല്കി. പദ്ധതി പ്രഖ്യാപിച്ചിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായിട്ടും തുടര്‍നടപടികള്‍ക്ക് ഒച്ചിനെ വെല്ലുന്ന വേഗക്കുറവാണ്.
ഇതിനിടെ വിശദമായ പദ്ധതിരേഖ കിഫ്ബിക്ക് സമര്‍പ്പിക്കുകയും മണ്ണുപരിശോധന നടത്തുകയും ചെയ്തു. അത്രമാത്രം. പിന്നീട് ഇതിന്റെ നിര്‍മാണം ആരംഭിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
2020ലെ ബജറ്റിലാണ് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിനു സമീപം കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാനായി ഭൂഗര്‍ഭ നടപ്പാത (അണ്ടര്‍ഗ്രൗണ്ട് പാസ്) നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. നാലുകോടി രൂപയാണ് പദ്ധതിച്ചെലവ്. ആദ്യഘട്ടമെന്ന നിലയില്‍ 80 ലക്ഷം രൂപ വകയിരുത്തി. എന്നാല്‍ പ്രഖ്യാപിച്ചവര്‍ തന്നെ ഈ പദ്ധതിയെ മറന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
മറന്നോ, കാഞ്ഞങ്ങാടിന്റെ സ്വപ്നപദ്ധതികളെ
12:41 AM Feb 04, 2023 | Deepika.com