കോതമംഗലം: തിരുഹ്യദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസിന്റെ സാമൂഹ്യപ്രവർത്തനവിഭാഗമായ മൂവാറ്റുപുഴ സേഫും കീരന്പാറ പഞ്ചായത്തും സംയുക്തമായി ഊർജകിരണ് പദ്ധതിയുടെ ഭാഗമായി ഊർജസംരക്ഷണ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കീരന്പാറ പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന റോജോ അധ്യക്ഷത വഹിച്ചു. ജീവിതശൈലിയും ഊർജകാര്യശേഷിയും എന്ന വിഷയത്തിന് ഊന്നൽ കൊടുത്ത് ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം പൗരപ്രമുഖർക്കും വിവിധ സംഘടനകൾക്കും പകർന്നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
സെന്റർ ഫോർ എൻവയോണ്മെന്റ് ആൻഡ് ഡെവലപ്മെന്റിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. സേഫ് ഡയറക്ടർ സിസ്റ്റർ ജാൻസി പാറത്തട്ടേൽ, സ്ഥിരംസമിതി അധ്യക്ഷരായ ജിജോ ആന്റണി, മഞ്ജു സാബു, പഞ്ചായത്തംഗങ്ങളായ ഷാന്റി ജോസ്, ആശ ജയപ്രകാശ്, ലിസി ജോസ്, ഗോപി മുട്ടത്ത്, അൽഫോൻസ സാജു, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് ഗ്രേസി ബേബി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമാരായ ജിജി ഏളൂർ, വി.ജെ. മത്തായി, ഹെൽത്ത് വർക്കേഴ്സ് പ്രതിനിധി സീമ വർഗീസ്, ഹരിതകർമസേന പ്രതിനിധി ഷീബ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. സേഫ് പ്രോഗ്രാം മാനേജറും ഇഎംസി റിസോഴ്സ്പേഴ്സണുമായ തോമസ് ജോണ് സെമിനാർ നയിച്ചു.
ഊർജസംരക്ഷണ ശില്പശാല സംഘടിപ്പിച്ചു
12:09 AM Feb 04, 2023 | Deepika.com