ഏറ്റുമാനൂര്‍ : എക്സ്പീര്യന്ഷ്യല് വിനോദ സഞ്ചാര പദ്ധതിയില്‍ കുമരകവും. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ടൂറിസം മേഖലയ്ക്ക് കുതിപ്പ് നല്കുന്ന എക്സ്പീര്യന്ഷ്യല് വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി കുമരകവും മാറിയത്. ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യപദ്ധതികളുടെ വികസനവും, ജലപാത ടൂറിസം പദ്ധതികളുമാണ് ഇതിലൂടെ നടപ്പിലാവുക.
ഇതിനു പുറമെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിരവധി വികസന പദ്ധതികള്‍ക്കും അനുമതിയായി . കുമരകം ഫയര്സ്റ്റേഷന്, ഏറ്റുമാനൂര്‍ മിനിസിവില്‍ സ്റ്റേഷന്, മെഡിക്കല്‍ കോളജ് ഭൂഗര്‍ഭപാത, എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കു ബജറ്റില്‍ തുക അനുവദിച്ചു.
സിവില്‍സ്റ്റേഷന്റെ ആദ്യഘട്ടത്തിനായി 15 കോടി രൂപയും രണ്ടാം ഘട്ടത്തിന് 16 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
അതിരമ്പുഴ ആട്ടുകാരന്‍ കവലറോഡിന് 4.45 കോടിയും, ആര്‍പ്പുക്കര അമ്മഞ്ചേരി റോഡില്‍ ഭൂഗര്‍ഭപാത നിര്‍മിക്കുന്നതിനായി 1.30 കേടിയും വകയിരുത്തിയിട്ടുണ്ട്. മണര്‍കാട് ബൈപാസിന്റെ , പട്ടിത്താനം മുതല്‍ പാറക്കണ്ടം വരയും, പാറക്കണ്ടം മുതല്‍ പൂവത്തും മൂട് വരെയുമുള്ള അരികുചാല്‍, ഓട,നടപ്പാത നിര്‍മാണത്തിനായി 5.50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുമരകം ബസാര്‍ യു പി സ്കൂളിന്റെ കെട്ടിട നിര്‍മണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടു കോടി രൂപയാണ് കെട്ടിട നിര്‍മണത്തിനായി അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ടൂറിസ്റ്റു കേന്ദ്രമായ കുമരകത്ത് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് നിര്‍മ്മാണത്തിന് നാലു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വേമ്പനാട്ട് കായല്‍ സംരക്ഷണത്തിനും , തിരുവാര്‍പ്പ്, അയ്മനം, കുമരകം ആര്‍പ്പുക്കര പഞ്ചായത്തുകളിലെ തോടുകളും ജലപാതകളും സംരക്ഷിക്കുന്നതിനും രണ്ടാം കുട്ടനാട് പാക്കേജില്‍ തുക വകയിരുത്തിയിട്ടുണ്ട്. നീണ്ടൂര്‍ , ആര്‍പ്പുക്കര, കുമകരകം, അയ്മനം പഞ്ചായത്തുകളിലെ പാടശേഖങ്ങളിലെ പുറംബണ്ട് ശക്തിപ്പെടുത്തുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്.
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
എക്സ്പീര്യന്ഷ്യല് വിനോദ സഞ്ചാര പദ്ധതിയില്‍ കുമരകം
11:46 PM Feb 03, 2023 | Deepika.com