കടുത്തുരുത്തി: കടുത്തുരുത്തിക്കു പിന്നാലെ കല്ലറ പെരുന്തുരുത്ത് മേഖലയിലും കാലിതീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റു പശുക്കള്‍ രോഗാവസ്ഥയില്‍. ഇന്നലെയാണ് ഈ മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. പെരുന്തുരുത്ത് ക്ഷീരസംഘത്തിലെ പ്രസിഡന്റ് ഉള്‍പെടെയുള്ള മൂന്ന് കര്‍ഷകരുടെ ഏഴ് പശുക്കള്‍ക്കാണ് വിഷബാധയേറ്റത്. കെ എസിന്റെ സുപ്രീം കാലിതീറ്റ നല്‍കിയതാണ് ഇവിടെയും രോഗം ബാധിക്കാനിടയാക്കിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.
രോഗം ബാധിച്ചതുള്‍പ്പെടെയുള്ള എല്ലാ കന്നുകാലികള്‍ക്കും പാല് തീരെയില്ലാതായെന്ന് കര്‍ഷകര്‍ പറഞ്ഞു. ക്ഷീരസംഘം പ്രസിഡന്റ് ജയ്കുമാറിന്റെ അഞ്ച് പശുക്കള്‍ക്കും ബാബു, മായ എന്നിവരുടെ ഒാരോ കറവ പശുക്കള്‍ക്കുമാണ് രോഗം ബാധിച്ചത്.
സംഭവമറിഞ്ഞയുടന്‍ കാലിത്തീറ്റ കമ്പനി ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയ കാലിത്തീറ്റ എടുത്തുകൊണ്ടുപോവുകയും പകരം കാലിതീറ്റ നല്‍കുകയും ചെയ്തായി കര്‍ഷകര്‍ പറഞ്ഞു.
കടുത്തുരുത്തി ക്ഷീരവികസന ഓഫീസര്‍ സിന്ധ്യ കര്‍ഷകരുടെ വീടുകളിലെത്തി രോഗം ബാധിച്ച പശുക്കളെ കാണുകയും വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയേറ്റു ചത്ത ആപ്പാഞ്ചിറയിലെ ക്ഷീരകര്‍ഷകനായ വട്ടക്കേരില്‍ ജോബി ജോസഫിന്റെ പശുവിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കര്‍ഷകരെയുള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. പശുവിന്റെ വയറിനുള്ളില്‍ അലിഞ്ഞും ദ്രവിച്ചു നില്ക്കുന്ന അവസ്ഥയായിരുന്നു. ലിവറിന് മൊത്തം മഞ്ഞ കളര്‍ വ്യാപിച്ചു. കിഡ്നി വീര്‍ത്ത നിലയിലും യൂറിന്‍ ബ്ലാഡര്‍ കൊഴമ്പ് പരുവത്തിലുമായിരുന്നെന്ന് ജോബി പറയുന്നു.
ക്ഷീരവികസന വകുപ്പുദ്യോഗസ്ഥര്‍ പശുവിന്റെ രകതം, മൂത്രം, ആന്തരികാവയങ്ങളുടെ സാമ്പിളുകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്കെടുത്തു ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കു നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ജോബി സ്വന്തം നലിയിലും ഈ സാമ്പിളുകള്‍ ശേഖരിച്ചു സ്വകാര്യ ലാബില്‍ പരിശോധനയ്ക്കു നല്‍കിയിട്ടുണ്ട്. സാമ്പിളുകളുടെ പരിശോധനയില്‍ കൃത്രിമം നടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ക്ഷീരകര്‍ഷകന്റെ മുന്‍കരുതല്‍. ഫാമിലുള്ള മറ്റു പശുക്കള്‍ക്ക് ട്രിപ്പ് നല്‍കിയാണ് ജോബി സംരക്ഷിക്കുന്നത്. പശുക്കളുടെ വയറ്റില്‍ നിന്നും പുറത്തേക്കു വരുന്നത് മാംസാവശിഷ്ടങ്ങള്‍ ഉള്പെടെയാണെന്നും ജോബി പറയുന്നു.
കല്ലറ പെരുന്തുരുത്ത് മേഖലയിലും കാലിതീറ്റയില്നിന്ന് ഭക്ഷ്യവിഷബാധ
11:43 PM Feb 03, 2023 | Deepika.com