രാമപുരം: മനുഷ്യന്റെ മഹത്വം മനസിലാക്കുന്നത് മനസിന്റെ വലിപ്പമനുസരിച്ചെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഐഡിയത്തോണ്‍ മത്സരത്തിന്റെ അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളുടെ നാടായ ഭാരതത്തില്‍ വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യപ്രവര്‍ത്തനത്തിലൂടെയും എല്ലാവരെയും ഉള്‍ക്കൊണ്ടും വിവേചനം കൂടാതെയും ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് ക്രിസ്തീയസഭകള്‍ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. അനുഭവജ്ഞാനമാണ് പ്രധാനമെന്നും അറിവ് ലഭിക്കുന്നത് അക്കാഡമിക് രംഗത്തുനിന്നു മാത്രമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൗതിക വളര്‍ച്ചയും ആത്മീയ വളര്‍ച്ചയും ഒരു പോലെ ആവശ്യമാണ്. ആധുനിക കംപ്യൂട്ടര്‍ യുഗത്തില്‍ യുവതലമുറ മസ്തിഷ്കം മരവിപ്പിച്ചു നിര്‍ത്തരുത്. മസ്തിഷ്കത്തിന് ബദലാകാന്‍ കംപ്യൂട്ടറിനു കഴിയില്ല. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉള്ളവര്‍ മാത്രമേ ലോകത്ത് വിജയം നേടിയിട്ടുള്ളൂ. വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ നേട്ടം അത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നാണ്. അതിലൂടെ എല്ലാ വൈവിധ്യങ്ങളെയും ഉള്‍കൊള്ളാന്‍ കരുതലുണ്ടാകും. അതിനു യുവതലമുറക്ക് കഴിയണമെന്നും നന്മയുടെ പ്രതീകങ്ങളായി യുവതലമുറ മാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ഗവർണർ കോളജ് വിദ്യാര്‍ഥികളുമായി സംവദിച്ചു. സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോളജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന് എംഎല്‍എ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരി, കോളജ് കൗണ്‍സില്‍ ചെയര്മാന് സനൂപ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഡോ. സജേഷ് കുമാര്‍, വി. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്കി.
മനുഷ്യന്റെ മഹത്വം മനസിന്റെ വലിപ്പം: ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
10:53 PM Feb 03, 2023 | Deepika.com