കോരുത്തോട്: കൊമ്പുകുത്തിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ട്രൈബൽ സ്കൂളിന്റെ മന്ദിരം ഒരുങ്ങി. നബാർഡിന്റെ രണ്ടുകോടി രൂപ ചെലവിൽ മൂന്നുനിലകളിലായി നിർമിച്ചിട്ടുള്ള മന്ദിരത്തിൽ ആറ് ക്ലാസ്മുറി, ഒരു സ്മാർട്ട് റൂം, ഹാൾ, അടുക്കള, ശൗചാലയം എന്നീ സൗകര്യങ്ങളാണുള്ളത്. ഇതിനോടു ചേർന്ന് രണ്ടു നിലകളിലായി ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
വന അതിർത്തി മേഖലയും കുടിയേറ്റ ഗ്രാമവുമായ കൊമ്പുകുത്തിയിലെ സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് ഇത് വളരെ ഉപകാരപ്രദമാകും. വനത്താൽ ചുറ്റപ്പെട്ടതും എസ്റ്റേറ്റ് മേഖലയോട് ചേർന്നുകിടക്കുന്നതുമായ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഏതു നിമിഷവും കാട്ടാനയും മറ്റ് കാട്ടുമൃഗങ്ങളും പ്രത്യക്ഷപ്പെടാവുന്ന മേഖലയാണ്.
തികച്ചും സാധാരണക്കാരുടെ കുട്ടികൾ മാത്രമാണ് ഈ സ്കൂളിൽ വിദ്യാഭ്യാസത്തിനെത്തുന്നത്. രണ്ടുബസുകൾ മാത്രമാണ് പ്രദേശത്തേക്ക് സർവീസ് നടത്തുന്നത്.
പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതോടെ പ്രദേശത്തിന്റെ ഭൗതിക വളർച്ചയ്ക്ക് ഇത് മുതൽക്കൂട്ടാകും.
കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിന് പുതിയ മന്ദിരം
10:47 PM Feb 03, 2023 | Deepika.com