കോട്ടയം: കോട്ടയത്തെ നോളജ് ഹബ്ബാക്കുന്നതിനുള്ള ദീർഘവീക്ഷണത്തോടെയുള്ള വികസന ബ്ലൂ പ്രിന്റാണ് സംസ്ഥാന ബജറ്റെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി. നോളജ് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെ സമർപ്പിച്ച മൂന്നു പദ്ധതികളും ബജറ്റിൽ ഇടം പിടിച്ചുവെന്നത് ഇക്കാര്യത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. ജില്ലയിൽ പാലാ കേന്ദ്രമായി പ്രഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആൻഡ് സ്കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടായതോടെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരങ്ങളുടെ വിശാലമായ ലോകത്തേക്കുള്ള പ്രവേശന കവാടം തുറക്കും. മൂന്നു കോടി രൂപ അടങ്കൽ തുകയുള്ള ഈ പദ്ധതിക്ക് 60 ലക്ഷം രൂപയാണ് ആദ്യഗഡുവായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
കുറവിലങ്ങാട് നിർമാണം പൂർത്തിയാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. വലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി)യുടെ തുടർഘട്ടമായി ഇൻഫോസിറ്റി (ഐടി പാർക്ക്) ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടുണ്ട്. ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സങ്കൽപ്പത്തിനു പകരം ഇൻസ്റ്റിറ്റൂട്ടിനൊപ്പം ഇൻഡസ്ട്രി എന്ന ആശയമാണ് ഇൻഫോ സിറ്റി ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിനു മുന്നിൽവച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.
സംസ്ഥാന ബജറ്റ് കോട്ടയത്തെ നോളജ് ഹബ്ബാക്കുന്നതിനുള്ള വികസന ബ്ലൂ പ്രിന്റ്: ജോസ് കെ. മാണി
10:47 PM Feb 03, 2023 | Deepika.com