സർക്കാർ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നു:മേയർ
12:35 AM Feb 03, 2023 | Deepika.com
കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളെ തകർക്കുന്ന നയമാണ് സർക്കാരിന്റേതെന്നും ധൂർത്താണ് ഇടത് സർക്കാരിന്റെ മുഖമുദ്രയെന്നും മേയർ ടി.ഒ.മോഹനൻ. അപ്രധാനമെന്ന് മുദ്രകുത്തി നഗരസഭകളിലെ 578 തസ്തികകൾ ഒഴിവാക്കിയ നടപടി റദ്ദ് ചെയുക, മിനിസ്റ്റീരിയൽ, എൻജിനീയറിംഗ് ജീവനക്കാരുടെ ജോലി ഭാരം കണക്കിലെടുത്ത് അധിക തസ്തികകൾ അനുവദിക്കുക, ലീവ് സറണ്ടർ നേരിട്ട് പണമായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ എൽഎസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തക്കാരെ ഉന്നത പദവിയിൽ തിരുകിക്കയറ്റുന്നതിൽ മാത്രമാണ് ഇടത് സർക്കാരിന് ആത്മാർഥയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. വസന്തൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ.ടി. നിഷാജ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി. രാജേഷ്, സ്റ്റാൻഡിംഗ്ചെയർപേഴ്സൺ പി ഇന്ദിര, സെറ്റോ ചെയർമാൻ നാരായണൻകുട്ടി മനിയേരി, എൻജിഒഎ സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ്, കെഎംസിഎസ്എ സംസ്ഥാന ഭാരവാഹികളായ എൻ.എ. ജയകുമാർ, പി.എം. ബാബുരാജ്, പി. കൃഷ്ണൻ, പി.മണി പ്രസാദ്, എൻ.കെ. ജോബിൻ, പി.മോഹനൻ, കെ.അനീഷ് കുമാർ, വി.വി. ഷാജി, പി.വി. അജിതകുമാരി, കെ.എൻ.അനസ് പ്രസംഗിച്ചു.