വിശാലമനസിന് ഉടമകളാകണം: മാർ ജോസഫ് പാംപ്ലാനി
12:35 AM Feb 03, 2023 | Deepika.com
കൂത്തുപറമ്പ്: എല്ലാവരേയും ഉൾക്കൊള്ളുന്ന വലിയ മനസിന് ഉടമകളാകണമെന്നും നിസാര കാര്യങ്ങൾക്കുവേണ്ടി ജീവിതവും സമയവും മാറ്റിവയ്ക്കരുതെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വലിയ ലക്ഷ്യങ്ങൾ മറന്നുകൊണ്ട് പ്രവർത്തിക്കരുതെന്നും ആർച്ച്ബിഷപ് പറഞ്ഞു. നിർമലഗിരി കോളജിലെ പേട്രൻസ് ഡേയോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു കോളജ് രക്ഷാധികാരികൂടിയായ മാർ ജോസഫ് പാംപ്ലാനി. ആകാശം പോലെ വിശാലമായ ഹൃദയമില്ലെങ്കിലും പലതരം വ്യക്തികളെ ഉൾക്കൊള്ളാൻ പാകത്തിലുള്ളവരാകണം എല്ലാവരുമെന്നും ആർച്ച് ബിഷപ് പറഞ്ഞു. കോളജ് മാനേജർ മോൺ.ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചൻ ആമുഖപ്രഭാഷണം നടത്തി. കോളജ് ബർസാർ ഫാ.ഷാജി തെക്കേമുറി, നിർമലഗിരി സയൻസ് ആൻഡ് അക്കാഡമി അസി.പ്രഫസർ സിസ്റ്റർ ഡോ. മിനിമോൾ ജോസഫ്, സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി ഷിനിൽ കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് പ്രതിനിധി ഫാ. അനീഷ്, സ്റ്റാഫ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അസി. പ്രഫസർ സിസ്റ്റർ സോണിയ ഫിലോമിന, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.