ഗർഭാശയ-ഗള കാൻസർ നിവാരണം: വാക്സിൻ പ്രചാരണ ബോധവത്കരണ യജ്ഞം നാലു മുതൽ
12:35 AM Feb 03, 2023 | Deepika.com
കണ്ണൂർ: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വിദ്യാലയങ്ങളുടെ സഹകരണത്തോടെ നാളെ മുതൽ 20 വരെ എച്ച്പിവി വാക്സിൻ പ്രചരണ ബോധവത്കരണ യജ്ഞം നടത്തും. ഒന്പത് വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിനേഷൻ എടുത്ത് സെർവിക്കൽ കാൻസറിനെ ആയുഷ്ക്കാലം പ്രതിരോധിക്കാം. മറ്റുള്ളവർക്ക് രോഗം ലളിതമായ പരിശോധനയിലൂടെ നേരത്തെ കണ്ടെത്തി ചികിത്സിച്ച് രോഗം മൂലമുള്ള മരണവും തടയാനാകും. ഒന്പത് വയസു മുതൽ 14 വയസുവരെയുള്ള ഹൈസ്കൂൾ പെൺകുട്ടികൾക്ക് വാക്സിൻ സൗജന്യമായി നൽകും. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട 50 ഹൈസ്കൂളുകളിൽ ദ്വൈവാര തീവ്ര എച്ച്പിവിവാക്സിൻ പ്രചാരണ ബോധവൽക്കരണ യജ്ഞം നടത്തുക. ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ചാല കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ നാലിന് ഉച്ചയ്ക്ക് 1.30ന് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത നിർവഹിക്കും. കണ്ണൂർ ഗൈനക്ക് സൊസൈറ്റി പ്രസിഡന്റ് ഡോ. ഗീത മേക്കോത്ത് വിശിഷ്ടാതിഥി ആയിരിക്കും. എംസിസിഎസ് പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിക്കും. കണ്ണൂർ ഐഎംഎ പ്രസിഡന്റ് ഡോ. വി.സുരേഷ്, ചിന്മയ മിഷൻ എഡുക്കേഷൻ ട്രസ്റ്റ് ചീഫ് സേവക് എ.കെ. രാജൻ, സെക്രട്ടറി മഹേഷ്ചന്ദ്ര ബാലിക എന്നിവർ പ്രസംഗിക്കും.