കൊച്ചി: പതിറ്റാണ്ട് മുന്‍പ് വിഭാവനം ചെയ്ത വടുതല-പേരണ്ടൂര്‍ പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റിന് ഇന്നലെ ഭരണാനുമതി ലഭിച്ചതോടെയാണ് നടപടി ക്രമങ്ങളില്‍ കുടുങ്ങി നിശ്ചലമായ പാലത്തിന്റെ നിര്‍മാണത്തിനുള്ള പ്രധാന കടമ്പ താണ്ടിയത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 32.33 കോടിയുടെ നിര്‍മാണത്തിനാണ് ഇപ്പോള്‍ അനുമതി കിട്ടിയത്. സ്ഥലം ഏറ്റെടുക്കലിനായി 10 കോടി രൂപ നേരത്തെ ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിന് കൈമാറിയിരുന്നു.
തുക നല്‍കിയെങ്കിലും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നില്ല. പദ്ധതിക്ക് ഭരണാനുമതി ലഭിച്ച സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുക്കലിന് ഇനി തടസമുണ്ടാകില്ല. ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍ വില്ലേജുകളില്‍ നിന്നായി 7.236 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടതായുള്ളത്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകള്‍ക്ക് കൂടുതല്‍ നീളം ആവശ്യമില്ലെന്നത് സ്ഥലമേറ്റെടുക്കല്‍ കുറയ്ക്കും.
വടുതല, ചിറ്റൂര്‍, ചേരാനല്ലൂര്‍, പച്ചാളം ഭാഗത്തുള്ളവര്‍ക്ക് വലിയ നേട്ടമാകുന്ന പദ്ധതിയാണിത്. പത്ത് വര്‍ഷം മുന്‍പേ മണ്ണ് പരിശോധനകളും തറക്കല്ലിടലും നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലമേറ്റെടുക്കലിനുള്ള സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ചു. 12 കുടുംബങ്ങള്‍ക്കാണ് സ്ഥലം നഷ്ടമാകുന്നത്. രണ്ട് കുടുംബത്തിന്റെ ഉപജീവന മാര്‍ഗവും നഷ്ടമാകും. ഇതൊക്കെ കണക്കാക്കി ആദ്യ എസ്റ്റിമേറ്റില്‍ നിന്ന് 10 കോടി രൂപ സ്ഥലം ഏറ്റെടുക്കലിന് റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തു.
ആദ്യ എസ്റ്റിമേറ്റ് പ്രകാരം 24.09 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. 26 മീറ്റര്‍ വീതിയില്‍ 78 മീറ്ററായിരുന്നു പാലത്തിന്റെ നീളം. എന്നാല്‍ ഈ വഴി വാട്ടര്‍ മെട്രോയുടെ ബോട്ടുകള്‍ സഞ്ചരിക്കേണ്ടതിനാല്‍ ഉയരം നാലുമീറ്റര്‍ എന്നത് ആറുമീറ്ററാക്കണമെന്ന് കെഎംആര്‍എല്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരമാണ് ഉയരം ആറു മീറ്റര്‍ ആക്കി പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത്.
32.33 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി
12:23 AM Feb 03, 2023 | Deepika.com