കോതമംഗലം: ഓട്ടത്തിനിടെ സ്വകാര്യ ബസില്‍നിന്ന് തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിപരത്തി. കട്ടപ്പന- ആലുവ റൂട്ടില്‍ ഓടുന്ന ബസിനാണ് തീപിടിച്ചത്. യാത്രക്കാരെ മുഴുവന്‍ ഇറക്കി പെട്ടെന്ന് തീയണയ്ക്കാനായതിനാൽ ആളപായം ഒഴിവായി.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപമെത്തിയപ്പോഴാണ് ഇടത് വശത്തെ പിന്‍ചക്രത്തിന്റെ ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് സമീപത്തുകൂടി പോയ സ്കൂട്ടര്‍ യാത്രക്കാരൻ കണ്ടത്. ഇയാള്‍ ബസിനുമുന്നിലേക്ക് സ്കൂട്ടര്‍ കയറ്റി ബഹളമുണ്ടാക്കിയാണ് ബസ് നിര്‍ത്തിച്ചത്.
ബസ് നിറയെ സ്ത്രീകളും കുട്ടികളുമൾപ്പെടുന്ന യാത്രക്കാര്‍ ഉണ്ടായിരുന്നു. എല്ലാവരേയും പുറത്തിറക്കി മാറ്റി നിര്‍ത്തി. ഓടികൂടിയവരും യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. പിന്നീട് സമീപത്തെ സെന്റ് മേരീസ് ആംബുലന്‍സിലെ ജീവനക്കാരെത്തി തീയണക്കാനുള്ള വാതകം സ്പ്രേ ചെയ്താണ് തീയണച്ചത്. ഉടന്‍ ബസ് ഹൈറേഞ്ച് സ്റ്റാന്‍ഡിലേക്ക് മാറ്റി. അപ്പോഴേക്കും അഗ്നിരക്ഷാസേനയെത്തി മേല്‍നടപടി സ്വീകരിച്ചു. ബസിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്തെ ബ്രേക്ക് ലൈനര്‍ ചൂടുപിടിച്ചാണ് തീയും പുകയും ഉണ്ടായത്. കഴിഞ്ഞ ദിവസം ബ്രേക്ക് ലൈനര്‍ മാറ്റി സ്ഥാപിച്ചതിലെ അപാകതയാണ് കാരണമെന്നാണ് അഗ്നി രക്ഷാസേനയുടെ പ്രാഥമിക നിഗമനം.
സ്വകാര്യ ബസില്‍നിന്ന് തീയും പുകയും
12:21 AM Feb 03, 2023 | Deepika.com