കൊച്ചി: വാഹനാപകടത്തിൽപ്പെട്ട മുംബൈ സ്വദേശിനിയായ പെണ്‍കുട്ടിയെ സഹായിക്കാനെന്ന വ്യാജേന എത്തി, ലൈംഗികമായി ഉപദ്രവിച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. തേവര വാട്ടര്‍ ടാങ്ക് റോഡ്, കാനാട്ട് വീട്ടില്‍ മനോജ്കുമാര്‍(34), തേവര കോന്തുരുത്തി കാവാലംപറമ്പ് നികത്തില്‍ത്തറ വീട്ടില്‍ അരുണ്‍ (30), കോന്തുരുത്തി പാലാപറമ്പില്‍ വീട്ടില്‍ സനു (30) എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ 31 ന് രാത്രി തേവരയിലാണ് കേസിനാസ്പദമായ സംഭവം.
എറണാകുളത്ത് ബിബിഎ കോഴ്സിന് പഠിക്കുന്ന മുംബൈ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈംഗിക അതിക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. പെണ്‍കുട്ടി സുഹൃത്തുമായി ബൈക്കില്‍ പോകവെ അപകടത്തില്‍പ്പെട്ടു. ഇവരെ സഹായിക്കാനെന്ന വ്യാജേന എത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു. സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പെൺകുട്ടിയെ ഉപദ്രവിച്ച് കവര്‍ച്ച; മൂന്നു പ്രതികള്‍ പിടിയില്‍
12:19 AM Feb 03, 2023 | Deepika.com