കൊച്ചി: സ്കൂള്‍ പരിസരങ്ങളിലും വഴിയോരങ്ങളിലും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തരേന്ത്യന്‍ സ്വദേശി ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി വിപിന്‍ കുമാര്‍ റസ്തോജി (മിങ്കു ഭായ്) (70) ആണ് എറണാകുളം എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും 60 ചെറു പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന മുന്തിയ ഇനം 4.5 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു.
കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്പന നടത്തി വരികയായിരുന്നു ഇയാള്‍. തേവര ഡീവര്‍ റോഡിന് സമീപം കസ്തൂര്‍ബ നഗറിലേക്ക് പോകുന്ന വഴിയില്‍ സ്ഥിരമായി യുവതി യുവാക്കള്‍ ഇയാളെ കാണാനായി വന്നുപോകുന്നു എന്ന വിവരം സിറ്റി മെട്രോ ഷാഡോയ്ക്കും എറണാകുളം ഇന്റലിജന്‍സ് വിഭാഗത്തിനും ലഭിച്ചിരുന്നു. നിരീക്ഷണത്തിലായിരുന്ന ഇയാളുടെയടുത്തേക്ക് എക്സൈസ് സംഘം വേഷം മാറിയാണ് എത്തിയത്.
ഇയാളുടെ പക്കല്‍ ബ്രൗണ്‍ ഷുഗര്‍ ഉണ്ടെന്ന് മനസിലാക്കിയതോടെ സംഘം ബ്രൗണ്‍ ഷുഗറിന് വിലപറഞ്ഞ് ഉറപ്പിച്ചു. ഇതുപയോഗിക്കേണ്ട വിധവും വിപിന്‍ കുമാര്‍ എക്സൈസ് സംഘത്തിന് പറഞ്ഞു നല്കി. ഇതിനിടെ ആവശ്യക്കാരിയായി എത്തിയത് എക്സൈസ് ആണെന്ന് മനസിലാക്കിയതോടെ ഇയാള്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിടികൂടി.
ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗര്‍ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. മില്ലി ഗ്രാം മാത്രം തുക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഇവ വില്പനയ്ക്കായി ഉത്തര്‍പ്രദേശില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
"മിങ്കു ബാപ്പു' എന്ന പേരിലാണ് ഇായാള്‍ കളിപ്പാട്ടങ്ങള്‍ വില്പന നടത്തിയിരുന്നത്. മയക്കുമരുന്ന് കച്ചവടത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടേയെന്നും ബ്രൗണ്‍ ഷുഗര്‍ ഇയാള്‍ എവിടെനിന്ന് കിട്ടിയെന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പകല്‍ കളിപ്പാട്ട കച്ചവടം, വൈകിട്ട് ബ്രൗണ്‍ ഷുഗര്‍ വില്പന; ഉത്തരേന്ത്യന്‍ സ്വദേശി പിടിയില്‍
12:19 AM Feb 03, 2023 | Deepika.com