നാവായിക്കുളം റിംഗ് റോഡ്: വിവിഎൽപി സ്കൂളും ആശുപത്രിയും സംരക്ഷിക്കണം
11:43 PM Feb 02, 2023 | Deepika.com
കിളിമാനൂർ: വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് നിർമാണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോൾ പൂർണമായി ഇല്ലാതാകുന്ന ചെങ്കിക്കുന്ന് വിവിഎൽപി സ്കൂളും കേശവപുരം ആശുപത്രിയും സംരക്ഷിക്കണമെന്ന് കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളും, ആശുപത്രിയും റിംഗ് റോഡിന്റെ ഭാഗമായി പൂർണമായും പൊളിച്ചുമാറ്റേണ്ട അവസ്ഥയാണ് ഉള്ളത്. ബദൽ മാർഗങ്ങൾ കണ്ടെത്തി പ്രശ്നപരിഹാരത്തിനു അധികൃതർ തയാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം അഭിപ്രായപെട്ടു. ഉപജില്ലാ പ്രസിഡന്റ് ആർ.സി. അജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ്. സബീർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എ.ആർ. ഷമീം മുഖ്യപ്രഭാക്ഷണം നടത്തി. എം. ജെ. അനൂപ്, പി.എ. സാജൻ, പി. വിജയകുമാരി, കെ.എസ്. അഭിലാഷ്, ജി.എൽ. ലാജി എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എസ്.എസ്. അജീഷ് സ്വാഗതവും ട്രഷറർ പി.കെ. സൂര്യകാന്തി നന്ദിയും പറഞ്ഞു.