കുട്ടനാട്: കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തേണ്ട കേന്ദ്രസർക്കാർ അർഹരായ വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ ഇല്ലാതാക്കി കടുത്ത നിഷേധസ്വരം മുഴക്കി വിദ്യാഭ്യാസത്തിന് വിലങ്ങിടരുതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട്.
ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ 2000 കോടി രൂപയുടെ കുറവാണ് വരുത്തിരിക്കുന്നത് ഇത് ആശങ്ക ഉളവാക്കുന്നതാണ്.വിദ്യാർഥികൾക്ക് സാമ്പത്തിക സുരക്ഷിതത്വത്തോടെ പ്രീമട്രിക് വിദ്യാഭ്യാസവും ഉന്നത പഠനവുമൊക്കെ നടത്താനുള്ള അവസരം ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കുട്ടികളുടെ മൗലികാവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് ഓഫ് ഇന്ത്യ കൂട്ടനാട് മേഖല കമ്മിറ്റി കുറ്റപ്പെടുത്തി.
ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം തകർക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ഗൂഢനീക്കത്തെ പൊതുസമൂഹം തിരിച്ചറിയുമെന്നും യുണൈറ്റഡ് ക്രിസ്ത്യൻഫ്രണ്ട്.
ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. മേഖല കൺവീനർ ഔസേപ്പച്ചൻ ചെറുകാട് അധ്യക്ഷത വഹിച്ചു. ടോമിച്ചൻ മേപ്പുറം, ചാക്കപ്പൻ കൊച്ചു പള്ളത്തുശേരി, സി.ടി. തോമസ് കാച്ചാംകോടം, ടോം ജോസഫ് അറയ്ക്കപറമ്പ്, ജോസി കുര്യൻ, ജയൻ പുന്നപ്ര, തോമാച്ചൻ വടുതല, സണ്ണിച്ചൻ കക്കാട്ടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂനപക്ഷാവകാശം ഉറപ്പുവരുത്തണം; ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ആശങ്കാജനകം
10:37 PM Feb 02, 2023 | Deepika.com