അടിമാലി: ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിൽ സ്ട്രോബറി വിളവെടുപ്പുകാലം തുടങ്ങി. കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനം കണ്ടെത്താൻ കഴിയുന്നതിനാൽ നിരവധി കർഷകരാണു സ്ട്രോബറി കൃഷി നടത്തുന്നത്. വട്ടവടയിലെ കൃഷിയിടങ്ങൾ കാണാൻ ഒട്ടേറെപ്പേർ എത്തുന്നുമുണ്ട്.
മഞ്ഞുകാലമാസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾ 45 കിലോമീറ്റർകൂടി താണ്ടി വട്ടവടയിലെത്തിയാൽ ശീതകാല പച്ചക്കറികളും സ്ട്രോബറിയുമെല്ലാം വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ കാണാം. സൗജന്യമായി സ്ട്രോബറിത്തോട്ടങ്ങൾ സന്ദർശിക്കാം. 400 രൂപ മുതൽ 800 രൂപവരെ നൽകി സ്ട്രോബറിപ്പഴങ്ങൾ വാങ്ങാം.
കാലാവസ്ഥ അനുകൂലമാകുകയും ഉയർന്ന വില ലഭിക്കുകയും ചെയ്തതോടെയാണു വട്ടവടയിലെ കർഷകർ വീണ്ടും സ്ട്രോബറി കൃഷിയിലേക്കു തിരിഞ്ഞത്.
ജൈവ കൃഷിരീതികൾ വട്ടവട സ്ട്രോബറിയെ പ്രിയങ്കരമാക്കുന്നു.
സ്ട്രോബറിക്കു പ്രിയമേറിയതോടെ സംസ്ഥാന ഹോർട്ടികോർപ്പ് മിഷൻ പ്രത്യേക പദ്ധതി തയാറാക്കി കൃഷി ഭവൻ വഴി അത്യുത്പാദനശേഷിയുള്ള തൈകൾ കർഷകർക്കു വിതരണം ചെയ്തിരുന്നു. ഇതും മേഖലയിൽ സ്ട്രോബറി കൃഷി വ്യാപിപ്പിക്കുവാൻ സഹായകമായി.
കേരളത്തിൽ വ്യാപകമായി സ്ട്രോബറി വിളയുന്ന ഏക ഇടവും വട്ടവടയാണ്. വട്ടവടയുടെ മലനിരകളും പാടങ്ങളും വിനോദ സഞ്ചാരികൾക്കു കൗതുകക്കാഴ്ചകളാണ്.
വട്ടവടയിൽ സ്ട്രോബറി വിളവെടുപ്പ്
10:31 PM Feb 02, 2023 | Deepika.com