കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ഒരു വർഷം പൂർത്തിയാകുന്നു. കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2022 ഫെബ്രുവരി 12ന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 170 ഓളം യാത്രകളാണ് നടത്തിയത്. ഒന്നേകാൽ കോടി രൂപ വരുമാനം ഇതുവഴി നേടി. ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതിയ ടൂർ പാക്കേജുകളും തയാറാവുകയാണ്. ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. റോയിയും ഡിപ്പോ കോ-ഓർഡിനേറ്റർ കെ.ആർ. തൻസീറും നേതൃത്വം നൽകും.
ഈ മാസത്തെ ടൂർ പാക്കേജുകൾ:
വാഗമൺ-കുമരകം: ഒന്നാം ദിവസം വാഗമണിലും രണ്ടാം ദിവസം കുമരകത്തും ചെലവഴിക്കുന്ന പാക്കേജിന് താമസവും ഭക്ഷണവുമുൾപ്പെടെ ഒരാൾക്ക് 3900 രൂപയാണ്. മൂന്ന്, 10, 17 തീയതികളിൽ വൈകുന്നേരം ഏഴിന് യാത്ര പുറപ്പെടും.
മൂന്നാർ: ഒന്നാം ദിവസം അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മൂന്നാറിൽ താമസിച്ച് രണ്ടാം ദിവസം മൂന്നാറിൽ ഏഴോളം സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണവും പ്രവേശന ഫീസും ഒഴികെ ഒരാൾക്ക് 2150 രൂപയാണ്. 11നും 25നും രാവിലെ ആറിന് യാത്ര പുറപ്പെടും.
നെഫ്രിറ്റിറ്റി: ആഡംബര കപ്പൽ യാത്രക്ക് ഒരാൾക്ക് 3850 രൂപയാണ്. 22ന് രാവിലെ അഞ്ചിന് യാത്ര പുറപ്പെടും. എല്ലാ ഞായറാഴ്ചകളിലും വയനാടിലെ എൻ ഊര്, ബാണാസുര സാഗർ ഡാം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ്, ചങ്ങലമരം, ടീപ്ലാന്റേഷൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. നാല് നേരത്തെ ഭക്ഷണവും പ്രവേശന ഫീസുമുൾപ്പെടെ 1180 രൂപയാണ്. ഫോൺ: 9496131288, 8089463675, 9048298740.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന് ഒരു വർഷം
12:38 AM Feb 02, 2023 | Deepika.com