പാലക്കാട്: കെ.എം.മാണിയുടെ 90-ാംജന്മദിനാചരണം പാലക്കാട് ജില്ലയിൽ കണ്ണാടി തരുവകുറുശി മഹാത്മാ വൃദ്ധസദനത്തിൽ നടന്നു. അനുസ്മരണ യോഗം ഗുരുവായൂർ ദേവസ്വം ബോർഡ് മെന്പർ പി.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വൃദ്ധസദനത്തിലുള്ള അന്തേവാസികൾക്ക് ഭക്ഷണ വിതരണം നടത്തി. കേരള കോണ്ഗ്രസ്-എം പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.കുശലകുമാർ അധ്യക്ഷത വഹിച്ചു.
കലാസാംസ്കാരിക സാമുദായിക രാഷ്ട്രീയ നേതാക്കളായ വി.രാജേന്ദ്രൻ, രാമചന്ദ്രൻ കല്ലേപ്പുള്ളി, എം.ലെനിൻ, ജയരാജൻ നായർ, ആർ.പന്പാവാസൻ, പ്രേമ കൃഷ്ണകുമാർ, എൽ.കൃഷ്ണ മോഹൻ, എൻ.വേണു, സുന്ദരൻ കാക്കത്തറ, ശിവൻ കാക്കത്തറ എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കിയ 14 ബജറ്റുകൾ അവതരിപ്പിച്ചുകൊണ്ട് സാന്പത്തിക മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച നേതാവായിരുന്നു കെ.എം. മാണി എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് മെന്പർ പി.ആർ. ഗോപിനാഥ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് കാരുണ്യ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ രോഗികൾക്ക് ചികിത്സയ്ക്ക് നൽകിക്കൊണ്ട് കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസം നൽകിയ കാരുണ്യത്തിന്റെ മുഖമുദ്രയാണ് മാണി സാർ എന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ ഓർമിപ്പിച്ചു.
കെ.എം. മാണിയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 90 സ്ഥലങ്ങളിൽ അനുസ്മരണ പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പാലക്കാട് കണ്ണാടി തരുവാകുറിശി മഹാത്മാ വൃദ്ധസദനത്തിൽ നടന്നത്.
കേരള കോണ്ഗ്രസ്-എം സംസ്ഥാന കമ്മിറ്റി അംഗവും കണക്കൻ മഹാസഭ സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കല്ലേപ്പുള്ളി അനുസ്മരണ യോഗത്തിന് സ്വാഗതം പറഞ്ഞു. കേരള കോണ്ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് എൽ.കൃഷ്ണ മോഹൻ നന്ദി പറഞ്ഞു.
കെ.എം. മാണിയുടെ 90-ാം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു
12:30 AM Feb 02, 2023 | Deepika.com