തിരുവനന്തപുരം : ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വായ്പ ലഭിക്കുന്നതു സംബന്ധിച്ച നിബന്ധനകളിൽ തീരുമാനമെടുക്കേണ്ടതും കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നതിൽ മാറ്റങ്ങൾ വരുത്തുന്നതിനും സർക്കാരിന്റെ നയപരമായ തീരുമാനം വേണമെന്നു ജല അഥോറിറ്റി എംഡി എസ്. വെങ്കിടേശപതി.
ജല അഥോറിറ്റി ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ ജീവനക്കാരുടെ സംഘടനകൾ നേരത്തേ ആശങ്കകൾ അറിയിച്ചിരുന്നു. ഡിപിആറിൽ നിന്നും വ്യത്യസ്ഥമായാണു ടെണ്ടറിലെ വ്യവസ്ഥകളെന്നു ഐഎൻടിയുസി അനുകൂല സംഘടന നേതാക്കൾ ചർച്ചയിൽ വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകൾ ജീവനക്കാരുടെ സംഘടനകൾക്കു കൈമാറണമെന്നും ഇതിനു ശേഷം ചർച്ച തുടരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സ്വകാര്യ കന്പനിയുമായി കരാർ വയ്ക്കുന്നതിന്റെ വ്യവസ്ഥകൾ വ്യക്തമാക്കണമെന്നു സിഐടിയു സംഘടന പ്രതിനിധികളും ആവശ്യപ്പെട്ടു.
കുടിവെള്ള വിതരണം: തീരുമാനം വേണമെന്ന് ജല അഥോറിറ്റി എംഡി
12:26 AM Feb 02, 2023 | Deepika.com