മെഡിക്കൽ കോളജ്: ഉറക്കക്കുറവുള്ളവരിൽ നാലിരട്ടി വരെ അമിതവണ്ണത്തിനു സാധ്യതയെന്ന് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ മോഡേൺ മെഡിസിൻ ഡോക്ടർമാരിൽ നടത്തിയ പഠനത്തിലാണ് അമിതവണ്ണത്തിന് ഉറക്കക്കുറവും കാരണമാണെന്ന് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ 240 ഡോക്ടർമാരിൽ നിന്ന് ചോദ്യാവലി നൽകി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 84 ശതമാനം പേരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് കണ്ടെത്തി. അതിൽ 46 ശതമാനം ഡോക്ടർമാരിലും അനുബന്ധ അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രക്താതി സമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, തൈറോയ്ഡ് എന്നിവയാണ് ഡോക്ടർമാരിൽ പ്രധാനമായും കണ്ടെത്തിയത്.
തിരുവനന്തപുരം, കൊല്ലം മെഡിക്കൽ കോളജുകളിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്.
2018 ജനുവരി മുതൽ 2019 സെപ്റ്റംബർ വരെ കേരളത്തിലെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന 240 ഡോക്ടർമാർക്കിടയിലാണ് ഒരു ക്രോസ് സെക്ഷണൽ പഠനം നടത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. എം.കെ അഞ്ജന, ഡോ. ടോണി ലോറൻസ്, പാരിപ്പള്ളി മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
പഠനത്തിൽ കണ്ടെത്തിയത്:
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായ്മയും കാരണം 1975 മുതൽ പൊണ്ണത്തടിയുള്ളവർ മൂന്നിരട്ടിയായി. ഉയർന്ന ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) പ്രതിവർഷം 40 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യയിൽ, പൊണ്ണത്തടിയുടെ വ്യാപനം 11.8 മുതൽ 31.3 ശതമാനം വരെയാകുമ്പോൾ, കേരളത്തിൽ ഇത് ഏകദേശം 40 ശതമാനമാണ്.
ഉറക്കക്കുറവ് ഉള്ളവരിൽ അമിതവണ്ണത്തിന് നാലര ഇരട്ടി വരെയാണ് പഠനം സാധ്യത കണ്ടെത്തിയത്. പ്രാഥമിക ദ്വിതിയ ത്രിതീയ തലങ്ങളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന വിവിധ പ്രായത്തിലുള്ള ഡോക്ടർമാരിലും പഠനം നടത്തി. 18 മുതൽ 22.9 വരെ ബോഡി മാക്സ് ഇന്റക്സ് (ശരീരത്തിന്റെ ഉയരത്തിനനുസരിച്ചുള്ള ഭാരം) സാധാരണ നിലയാണെങ്കിൽ 23 24.9 വരെ അമിതഭാരവും 25 നു മുകളിൽ പൊണ്ണത്തടിയുമാണ്. പകുതിയിലധികം ഡോക്ടർമാരും, അതായത് 136 (56.7 ശതമാനം) ശരീരഭാരം നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ല. ഇതനുസരിച്ച് 29 ശതമാനം ഡോക്ടർമാർക്ക് അമിതഭാരവും 55 ശതമാനം പേർക്ക് പൊണ്ണത്തടിയുമാണെന്നാണ് കണ്ടെത്തിയത്.
ഉറക്കക്കുറവുള്ളവരിൽ നാലിരട്ടി വരെ അമിതവണ്ണത്തിന് സാധ്യത
12:26 AM Feb 02, 2023 | Deepika.com