വെള്ളറട : തമിഴ്നാട് അതിർത്തിയിലെ നൂലിയത്തുള്ള പാറമടയില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പനച്ചമൂട്ടില്‍ തമിഴ്നാട് മാങ്കോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വകക്ഷി പ്രതിഷേധയോഗം മേല്‍പ്പുറം ബ്ലോക്ക് പഞ്ചായത്ത് യൂണിയന് ചെയര്‍പേഴ്സണ്‍ ജ്ഞാനസുന്ദരി ഉദ്ഘാടനം ചെയ്തു.
ഇപ്പോള്‍ ഇവിടെയുള്ള ടാര്‍ മിക്സിംഗ് പ്ലാന്റ് മൂലം പ്രദേശത്ത് രോഗബാധ കൂടുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും മാലിന്യ സംസ്കരണ പ്ലാന്റു കൂടി വരുന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നും സമരക്കാര്‍ ആരോപിച്ചു.ഇവിടേക്ക് എവിടെനിന്നു മാലിന്യങ്ങള്‍ കൊണ്ടുവന്നാലും തടയുമെന്ന് അവർ മുന്നറിയിപ്പു നല്കി. ടാര്‍ മിക്സിംഗ് പ്ലാന്റും മാലിന്യ പ്ലാന്റും തുടങ്ങുന്നതിന് അധികൃതര്‍ സ്വകാര്യ ലോബികള്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.
മാങ്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജന് അധ്യക്ഷനായി. വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്‍, മാങ്കോട് പഞ്ചായത്തംഗങ്ങളായ ലൈല, ഷൈനി, വിപിന്‍, ബിജു, അഡ്വ. മൈക്കിള്‍, സ്റ്റാലിന് ജോണ്‍സ്, സതീഷ് ചന്ദ്രന്, വിന്‍സന്റ്, സ്റ്റാൻലി ജോസ്, ശശികുമാര്‍, ശിശുപാലന്, മേരിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നൂലിയത്തെ മാലിന്യ സംസ്കരണ പ്ലാന്റ്: പ്രതിഷേധം ശക്തം
12:26 AM Feb 02, 2023 | Deepika.com