തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് രാജ്യാന്തര തലത്തിൽ തൊഴിൽ നേടാൻ സഹായകരമാകുന്ന നോർക്ക റൂട്ട്സിന്റെ ഭാഷാ പഠന കേന്ദ്രം, നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് ഉടൻ യാഥാർഥ്യമാകും.
സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള വിദേശഭാഷാപഠന കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ആദ്യപടിയായിട്ടാണ് തിരുവനന്തപുരം തൈക്കാട് മേട്ടുക്കട ജംഗ്ഷനിൽ ആദ്യ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പ്രകാശം ചെയ്തു. www.nifl.norkaroots.org വെബ്സൈറ്റ് വിലാസം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഇംഗ്ലീഷ് ഭാഷയിൽ ഒഇടി, ഐഇഎൽടിഎസ്, ജർമൻ ഭാഷയിൽ സിഇഎഫ്ആർ, എ1, എ2, ബി1, ബി2 ലെവൽ വരെയും പഠിക്കാൻ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജിൽ അവസരം ഉണ്ടാകും. യോഗ്യതയുള്ള അധ്യാപകർ, അനുയോജ്യമായ അധ്യാപക വിദ്യാർഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ് എന്നിവ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് സജീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ജിഎൻഎം, ബിഎസ്സിയോ അധികയോഗ്യതയോ ഉള്ള നഴ്സുമാർക്ക് മാത്രമായിരിക്കും പ്രവേശനം.
24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളിൽ 18004253939, 8802012345 ബന്ധപ്പെടാം.
ലാംഗ്വേജ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
12:26 AM Feb 02, 2023 | Deepika.com