കൊച്ചി: അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കു നേരെ വധശ്രമം നടത്തിയ പ്രതി പിടിയില്‍. ഏലൂര്‍ സ്വദേശി രാമു(48) ആണ് സംഭവത്തില്‍ പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 6.45ഓടെ ആയിരുന്നു സംഭവം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ നിയമിച്ച അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള്‍ സ്റ്റേഡിയം ലിങ്ക് റോഡ് ഭാഗത്തു അനധികൃതമായി കരിക്ക് കച്ചവടം നടത്തിവന്ന പ്രതിയോട് ഒഴിഞ്ഞു പോകുന്നതിന് നോട്ടീസ് നല്കി ആവശ്യപ്പെട്ടു. ഈ സമയം പ്രതി കരിക്കു വെട്ടുന്ന കത്തിയുമായി സ്ക്വാഡ് അംഗങ്ങളെ ആക്രമിക്കാനെത്തുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അംഗമായ അമികസ് ക്യൂറി അഡ്വ. പ്രദീപിന് നേരേ വാക്കത്തി വീശിയും പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഉദ്യോഗസ്ഥര്‍ക്കു നേരെ വധശ്രമം; പ്രതി പിടിയില്‍
12:14 AM Feb 02, 2023 | Deepika.com