കൊച്ചി: കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിക്ക് പതിവു നിരാശ. കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട വികസനം ഉള്‍പ്പടെ കേന്ദ്രത്തിന്റെ കനിവു കാത്തുകഴിയുന്ന ഒട്ടേറെ പദ്ധതികള്‍ ഇത്തവണയും പാടെ അവഗണിക്കപ്പെട്ടു. എറണാകുളം കാക്കനാട് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടവും, നെടുമ്പാശേരി വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടവും കേന്ദ്രത്തിന്റെ പരിഗണനയിലായിരുന്നു. ഇതേക്കുറിച്ച് ബജറ്റില്‍ യാതൊരു പരാമര്‍ശങ്ങളുണ്ടായില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബജറ്റുകളില്‍ ഇടം പിടിച്ച ശബരി റെയില്‍ പാതയ്ക്ക് ഇത്തവണയും ബജറ്റില്‍ ഇടം പിടിക്കാനായില്ല. ശബരിപ്പാതയ്ക്കായുള്ള ചെലവിന്റെ പകുതി കേരളം വഹിക്കാമെന്ന് അറിയിച്ച ശേഷമുള്ള ബജറ്റായിരുന്നു ഇത്. പുതിയ ട്രെയിനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത്, എറണാകുളം-മുംബൈ തുരന്തോ പ്രതിദിന സര്‍വീസ് തുടങ്ങിയ പ്രഖ്യാപനങ്ങളും ജില്ല പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.
എറണാകുളം-തുറവൂര്‍ പാത ഇരട്ടിപ്പിക്കലിനു ഭൂമിയേറ്റെടുക്കാന്‍ എറണാകുളം, ആലപ്പുഴ കളക്ടറേറ്റുകളില്‍ പണം കെട്ടിവച്ച റെയില്‍വേ ഇതുവരെ പദ്ധതിയുടെ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടില്ല. രാജ്യത്തെ ആദ്യ ഹരിത സ്റ്റേഷനായി റെയില്‍വേ പ്രഖ്യാപിച്ച എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്റെ നവീകരണവും പഴയ പ്രഖ്യാപനത്തില്‍ ഒതുങ്ങി.
കേന്ദ്ര ബജറ്റ്: കൊച്ചിക്ക് നിരാശ ബാക്കി
12:14 AM Feb 02, 2023 | Deepika.com