കോതമംഗലം: സ്കൂൾ വളപ്പിൽ കൃഷി ചെയ്യാൻ സന്നദ്ധനായ താലൂക്കിലെ മുഴുവൻ വിദ്യാലയങ്ങൾക്കും വിത്തും വളവും നൽകുമെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. സ്കൂൾ വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കാൻ എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കൃഷിപാഠം പദ്ധതി കാരക്കുന്നം ഫാത്തിമ എൽപി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൽപ്പര്യമുള്ള സ്കൂളുകൾക്ക് വാഴ, പച്ചക്കറി, ഫലവൃക്ഷത്തൈകൾ എന്നിവ സൗജന്യമായി നൽകും. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന പുതുതലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. എം.യു. ബേബി, കെ.എം. പോൾ, പോൾ വർഗീസ്, വിൻസെന്റ് ജോസഫ്, ജൂലിയസ് തോമസ് എന്നിവർ പ്രസംഗിച്ചു.
വിദ്യാലയങ്ങൾക്ക് വിത്തും വളവും
12:08 AM Feb 02, 2023 | Deepika.com