പോത്താനിക്കാട്: പൈങ്ങോട്ടൂർ ടൗണിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരിക്കുന്ന റവന്യൂ പുറന്പോക്ക് ഭൂമികൾ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പൈങ്ങോട്ടൂർ ടൗണിന്റെ ഹൃദയഭാഗമായ ഹൈറേഞ്ച് കവലയിലാണ് അധികൃതരുടെ മൗനാനുവാദത്തോടെ കൈയേറ്റങ്ങൾ നടക്കുന്നത്.
കക്കടാശേരി-ഞാറക്കാട് റോഡും തൊടുപുഴ-അടിമാലി റോഡും തമ്മിൽ സംഗമിക്കുന്ന തിരക്കേറിയ ജംഗ്ഷനിൽ അര ഏക്കറോളം സ്ഥലമാണ് സ്വകാര്യ വ്യക്തികൾ ദീർഘകാലമായി
കൈവശം വച്ചിരിക്കുന്നത്. കക്കടാശേരി-കാളിയാർ റോഡ് 79 കോടി ചെലവിൽ ആധുനികരീതിയിൽ പുനരുദ്ധരിക്കുന്ന ഈ ഘട്ടത്തിൽ പൈങ്ങോട്ടൂർ ടൗണിന്റെ വികസനത്തിനായി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ടൗണ്‍ വികസനം ത്വരിതപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
മഞ്ഞള്ളൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ലൂഷാദ് അധ്യക്ഷത വഹിച്ചു. അരുണ്‍ ജോസഫ്, സിജോ ജോണ്‍, ടൈഗ്രീസ് ആന്റണി, പി.എം. ജലാലുദ്ദീൻ, ജിൻസ് കെ. ജോസ്, അരുണ്‍ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പൈങ്ങോട്ടൂർ ടൗണിലെ കൈയേറ്റം ഒഴിപ്പിക്കണം
12:08 AM Feb 02, 2023 | Deepika.com