അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയിറങ്ങി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മദ്ബഹയിൽ പുന:പ്രതിഷ്ഠിച്ചു.
എട്ടാമിടം ആചരണത്തോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ മുതൽ വലിയ പള്ളിയിൽ തുടർച്ചയായി വിശുദ്ധ കുർബാന അർപ്പിച്ചു. രാവിലെ മുതൽതന്നെ വിശുദ്ധ കുർബാന അർപ്പണത്തിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനുമായി ഭക്തജനങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു. വൈകുന്നേരമായതോടെ ഭക്തജനപ്രവാഹമായി. വൈകുന്നേരം 5.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്ന് പ്രദക്ഷിണം നടന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും പ്രദക്ഷിണത്തിൽ സംവഹിക്കപ്പെട്ടു. വലിയപള്ളിക്ക് വലംവച്ച് സമാപിച്ച പ്രദക്ഷിണത്തിനുശേഷമായിരുന്നു തിരുസ്വരൂപ പുന:പ്രതിഷ്ഠ. വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാർമികത്വത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറ തൈക്കളം, ഫാ. സച്ചിൻ കുന്നത്ത്, ഫാ. സാജൻ പുളിക്കൽ എന്നിവർ ചേർന്ന് മോണ്ടളത്തിൽ സ്ഥാപിച്ചിരുന്ന രൂപക്കൂട്ടിൽനിന്ന് തിരുസ്വരൂപം പുറത്തെടുത്ത് അൾത്താരയിലേക്ക് സംവഹിച്ചു.
കൈക്കാരന്മാരായ ടോമി ചക്കാലയ്ക്കൽ, മാത്യു തേക്കുനിൽക്കുംപറമ്പിൽ, ജോണി പണ്ടാരക്കളം, റോബിൻ ആലഞ്ചേരിമാനാട്ട്, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഭക്തിയുടെ നിറവിൽ തിരുസ്വരൂപം പുന:പ്രതിഷ്ഠിച്ചു; അതിരമ്പുഴ തിരുനാളിന് കൊടിയിറങ്ങി
11:31 PM Feb 01, 2023 | Deepika.com