വൈക്കം : ഭിന്നശേഷിക്കാരനായ കുഞ്ഞനുജന്റെ 50-ാം പിറന്നാൾ ആഘോഷിക്കാൻ ആറു സഹോദരങ്ങൾ ഒത്തുചേർന്നപ്പോൾ കരഘോഷമുയർത്തി ഒരു നാടൊന്നാകെ പിറന്നാൾമധുരം പങ്കിടാനെത്തി. ടിവി പുരം മറ്റപ്പള്ളിൽ പരേതനായ പാപ്പച്ചന്റേയും ഏലിയാമ്മയുടേയും ഏഴാമത്തെ മകൻ തോമസിന്റെ (സണ്ണി) 50-ാം പിറന്നാളാണ് നാടിന്റെയാകെ ആഘോഷമായി മാറിയത്.
1973 ജനുവരി 19ന് ജനിച്ച സണ്ണിയുടെ കാലുകൾ ജന്മനാ വളഞ്ഞ നിലയിലായിരുന്നു. വളരും തോറും വൈകല്യങ്ങൾ കൂടി സംസാരിക്കാൻ കഴിയാത്ത അവസ്ഥയായി. അഞ്ചുവയസിനു ശേഷമാണ് പതുക്കെ ഇഴയാൻ തുടങ്ങിയത്. ഏഴു വയസിലാണ് നടക്കാൻ ആരംഭിച്ചത്. ശാസ്ത്രസാങ്കേതിക രംഗം കാര്യമായ വളർച്ച നേടിയിട്ടില്ലാത്ത കാലത്ത് ഏലിയാമ്മയുടെ ജാഗ്രതയും പരിചരണവുമാണ് മകന്റെ ജീവൻ കുട്ടികാലത്ത് പൊലിയാതിരുന്നത്. പിന്നീട് മുതിർന്നപ്പോൾ സഹോദരങ്ങളെല്ലാം സണ്ണിയെ ചേർത്തു പിടിച്ചു. സഹോദരങ്ങളുടെ സ്നേഹവും പരിലാളനങ്ങളുംമൂലം സണ്ണിയുടെ പല രോഗങ്ങളും മാറി.
മാതാവ് ഏലിയാമ്മയ്ക്ക് വാർധക്യ സഹജമായ അവശതകൾ ആരംഭിച്ചതോടെ സഹോദരൻ സിബിയുടെ ഭാര്യ റാണി സണ്ണിയെ പരിചരിച്ചു. 90 വയസായ അമ്മ ഏലിയാമ്മയ്ക്കൊപ്പം സണ്ണി 50-ാം പിറന്നാൾ ആഘോഷിച്ചു. ടിവി പുരം തിരുഹൃദയ ദേവാലയത്തിലെ പാരീഷ് ഹാളിൽ 800 ഓളം പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ സണ്ണി പിറന്നാൾ കേക്കുമുറിച്ചപ്പോൾ പിറന്നാളിന്റെ മധുരം നാടൊന്നാകെ നുകർന്നു.
വൈക്കം സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെയായിരുന്നു പിറന്നാൾ ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ഫാ. ഐസക് ചക്കാല പറമ്പിൽ, ഫാ. ജോർജ് ഇലഞ്ഞിക്കൽ, വികാരി ഫാ. ജിയോ മടപ്പാടൻ തുടങ്ങിയവർ സണ്ണിക്ക് പിറന്നാൾ ആശംസനേർന്നു.
സണ്ണിയുടെ 50-ാം പിറന്നാൾ ആഘോഷം നാടിന്റെ ആഘോഷമായി
10:55 PM Feb 01, 2023 | Deepika.com