രാജപുരം: രാജപുരം ക്നാനായ കുടിയേറ്റത്തിന്റെ 80-ാം വാര്‍ഷികവും തിരുനാളാഘോഷവും നാളെ മുതല്‍ തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ നടക്കും. കുടിയേറ്റ വാര്‍ഷികദിനമായ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കുടിയേറ്റ ചരിത്ര സിമ്പോസിയം നടക്കും. വൈകുന്നേരം അഞ്ചിന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറ്റും.
മൂന്നിന് രാവിലെ 6.30 ന് ഫാ. ബിനോയ് നാരമംഗലത്ത്, നാലിന് രാവിലെ 6.30 ന് ഫാ.മനോജ് കരിമ്പൂഴിക്കല്, വൈകുന്നേരം 6.30 ന് ഫാ.ജോഷി വല്ലാര്‍കാട്ടില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. 6.45 ന് തിരുനാള്‍ സന്ദേശം - ഫാ.ജോയി കട്ടിയാങ്കല്‍. ഒന്‍പതിന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ.ജോര്‍ജ് കുടുന്തയില്‍. അഞ്ചിന് രാവിലെ 10 ന് തിരുനാള്‍ റാസ - ഫാ.ഫിലിപ്പ് രാമച്ചനാട്ട്, തിരുനാള്‍ സന്ദേശം - ഫാ.ടിനേഷ് പിണര്‍ക്കയില്‍, ആശീര്‍വാദം - ഫാ.ഡിനോ കുമ്മാനിക്കാട്ട്.
എഡി 345 ലെ ക്നാനായ പ്രേഷിത കുടിയേറ്റത്തിന്റെ മാതൃകയില്‍ 1943 ഫെബ്രുവരി രണ്ടിനാണ് മാര്‍ അലക്സാണ്ടര്‍ ചൂളപറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഷെവലിയാർ വി.ജെ.ജോസഫ് കണ്ടോത്തിന്റെയും ഫാ.മാത്യു ചെറുശേരിയുടെയും നേതൃത്വത്തില്‍ കോട്ടയം രൂപതയിലെ 72 കുടുംബങ്ങള്‍ രാജപുരത്തേക്ക് കുടിയേറ്റം നടത്തിയത്. തുടർന്ന് ഈ പ്രദേശത്ത് നിരവധി ആരാധനാലയങ്ങളും സ്കൂളുകളും എയ്ഡഡ് കോളജുമുള്‍പ്പെടെ സ്ഥാപിക്കപ്പെട്ടു.
രാജപുരം തിരുക്കുടുംബ ദേവാലയം മലബാറിലെ ആദ്യത്തെ ക്നാനായ ദേവാലയമാണ്. ആദ്യകാലത്ത് ദിവ്യബലി അര്‍പ്പിച്ചിരുന്ന താത്കാലിക ദേവാലയത്തിന്റെ സ്ഥാനത്ത് 1953 ലാണ് ഇപ്പോഴത്തെ ദേവാലയത്തിന്റെ പണി ആരംഭിച്ചത്. 1962 ഓഗസ്റ്റ് 15നായിരുന്നു കൂദാശകര്‍മം. കുടിയേറ്റത്തിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പുതിയ ദേവാലയ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം മലബാര്‍ ക്നാനായ കുടിയേറ്റത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും കുടിയേറ്റ പിതാക്കന്മാരെ സ്മരിക്കുന്നതിനുമായി സ്ഥാപിക്കുന്ന കുടിയേറ്റ മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
രാജപുരം കുടിയേറ്റത്തിന്റെ 80-ാം വാര്‍ഷികവും തിരുനാളാഘോഷവും നാളെ മുതല്‍
12:48 AM Feb 01, 2023 | Deepika.com