ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ റൂട്ടിൽ പായം പഞ്ചായത്ത് പരിധിയിലെ അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. പായം പഞ്ചായത്ത് പരിധിയിൽ കെഎസ്ടിപി റോഡിലുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ തീരുമാനങ്ങൾ സർവകക്ഷി യോഗത്തിലൂടെ കൈക്കൊണ്ടു.
പഞ്ചായത്ത് പരിധിയിലെ വളവുപാറപാലം മുതൽ ഇരിട്ടി പാലം വരെ തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന മേഖലകളെ ബ്ലാക്ക് സ്പോട് ലിസ്റ്റിൽ ഉൾപ്പെടുത്തി ആവശ്യമായ മുൻകരുതലുകളും ക്രമീകരണങ്ങളും നടത്തുവാൻ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്സൈസ് എന്നിവയുടെ നേതൃത്വത്തിൽ നിരന്തര പരിശോധന ശക്തമാക്കുവാനും ടൗണുകളിലെയും റോഡരികിലെയും അനധികൃത പാർക്കിംഗ് ഒഴിവാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കൽ, ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ, തിരക്കുകൾ ഉള്ള പ്രധാന ടൗണുകളിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുക, അപകട ഭീഷണി ഉയർത്തുന്ന സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററികൾ മാറ്റി സ്ഥാപിക്കുക, പാതയോരങ്ങളിലും-സിഗ്നൽ ബോഡുകളിലും തടസമുള്ള കാടുകൾ വെട്ടി തെളിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
പായം പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ഭരണസമിതി അംഗങ്ങൾ, പോലീസ്, മോട്ടോർ, പിഡബ്ല്യുഡി, എക്സൈസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ-യുവജന സംഘടന-വ്യാപാര-ബസ് ഓണേഴ്സ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇരിട്ടി-കൂട്ടുപുഴ റൂട്ടിലെ വാഹന അപകടങ്ങൾ കുറയ്ക്കാൻ നടപടി
12:46 AM Feb 01, 2023 | Deepika.com