ചെറുപുഴ: ചെറുപുഴയിൽ പത്തുപേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. പാടിയോട്ടുചാൽ, ഹാജിമുക്ക്, കുണ്ടംതടം, കാക്കയംചാൽ, ചെറുപുഴ ഭാഗങ്ങളിലുള്ളവർക്കാണ് കടിയേറ്റത്.
കാക്കേഞ്ചാലിലെ കൂട്ടമാക്കൽ ജോഷി (60), ഭാര്യ ഗ്രേസി (58), മകൻ പ്രവീൺ (28), കൊച്ചുമകൾ ജുവൽ (ഒൻപത്), കുണ്ടംതടത്തിലെ വിശ്വനാഥൻ, പ്രകാശൻ എന്നിവരുൾപ്പെടെ പത്തു പേർക്കാണു കടിയേറ്റത്.
ഇവർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പാടിയോട്ടുചാൽ ഭാഗത്ത് നായയെ കണ്ടത്. വീടിനുള്ളിൽ കയറിയും നായ ആളുകളെ ആക്രമിച്ചു. വളർത്തുമൃഗങ്ങൾക്കും കടിയേറ്റു.
നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിനൊടുവിൽ ഭ്രാന്തൻ നായയെ ചെറുപുഴ ഭാഗത്തുവച്ച് നാട്ടുകാർ തല്ലിക്കൊന്നു.
ചെറുപുഴയിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം; 10 പേർക്ക് കടിയേറ്റു
12:44 AM Feb 01, 2023 | Deepika.com