പഴയങ്ങാടി: ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ തീപിടിത്തം. രണ്ടേക്കർ പ്രദേശത്തെ സസ്യ-ജന്തു വൈവിധ്യങ്ങൾ കത്തിച്ചാമ്പലായി. ഇന്നലെ രാവിലെ 11 ഓടെയാണ് തീപിടിത്തമുണ്ടായത്. മാടായി കോളജിന് പിൻവശത്തുള്ള മാടായി ദാരിക കോട്ട പരിസരത്താണ് തീപടർന്നത്. കൊടുംചൂടും ഉഷ്ണക്കാറ്റും ഉണ്ടായതോടെ മിനിറ്റുകൾക്കകം രണ്ടേക്കറോളം പുൽമേട് അഗ്നിക്കിരയായി. അപൂർവങ്ങളായ സസ്യജന്തു വൈവിധ്യങ്ങളും തീപിടിത്തത്തിൽ എരിഞ്ഞൊടുങ്ങി.
പയ്യന്നൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീ സമീപത്തെ 110 കെ.വി സബ് സ്റ്റേഷനിലേക്ക് പടരുന്നതിനുമുന്പ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടമാണ് ഒഴിവായത്. പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ റസ്ക്യു ആൻഡ് ഫയർ ഓഫീസർ പി. സഞ്ജീവൻ, ധനേഷ്, സത്യൻ, ഷിബിൻ, ബിനീഷ്, ലതീഷ്, രജിലേഷ്, ഹോം ഗാർഡുമാരായ തമ്പാൻ, രാമചന്ദ്രൻ എന്നിവർ ചേർന്നാണ് തീയണച്ചത്.
വേനൽക്കാലം ആരംഭിച്ചാൽ മാടായിപ്പാറയിൽ തീപിടിത്തം പതിവാണ്. നേരത്തെ മാടായിപ്പാറയിലെ തവരതടം പ്രദേശത്തും മാടായിക്കാവ് ക്ഷേത്രം റോഡിനു സമീപവും വടുകുന്ദ ക്ഷേത്ര പരിസരത്തും ജൂതക്കുളത്തിന് സമീപത്തായും പലതവണ തീപിടിത്തമുണ്ടായിരുന്നു. മാടായിപ്പാറയുടെ എല്ലാ ഇടങ്ങളിലും എത്തിപ്പെടാൻ റോഡുകൾ ഇല്ലാത്തത് രക്ഷാപ്രവർത്തനം നടത്താൻ അഗ്നിരക്ഷാസേനയ്ക്കു തടസമാണ്. ഇവിടെ അഗ്നിരക്ഷാകേന്ദ്രം ഒരുക്കണമെന്ന് ജനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആവശ്യത്തിന് സ്ഥലം ലഭ്യമല്ലാത്തതാണ് തടസമാകുന്നത്.
പഴയങ്ങാടിയിൽ അഗ്നിരക്ഷാകേന്ദ്രം സ്ഥാപിതമായാൽ വർഷാവർഷം ഉണ്ടാകുന്ന തീപിടിത്തം തടയാൻ സാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ തീപിടിത്തം തടയുന്നതിന് അഗ്നിരക്ഷാകേന്ദ്രം അത്യാവശ്യമാണെന്ന് പയ്യന്നൂർ അഗ്നിരക്ഷാനിലയം ഓഫീസർ ടി.കെ. സന്തോഷ് കുമാർ പറഞ്ഞു.
മാടായിപ്പാറയിൽ തീപിടിത്തം; രണ്ടേക്കർ സ്ഥലം കത്തിനശിച്ചു
12:44 AM Feb 01, 2023 | Deepika.com